മറ്റൊരു ഹിറ്റിനായി വിക്രമും ഷങ്കറും കൈകോര്‍ക്കുന്നു

Webdunia
ഞായര്‍, 15 ജനുവരി 2012 (15:53 IST)
PRO
PRO
ഷങ്കറിന്റെ പൊങ്കല്‍ സമ്മാനമായ മള്‍‌ട്ടീസ്റ്റാര്‍ ചിത്രം നന്‍പന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ പ്രേരിപ്പിക്കാത്ത രീതിയില്‍ ആകര്‍ഷകമായാണ് ഷങ്കര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 2012 -ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി നന്‍‌പന്‍ മാറുമെന്നാണ് ആദ്യദിനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

3 ഇഡിയറ്റ്സ് എന്ന ഹിന്ദി മെഗാഹിറ്റിന്റെ റീമേക്കായ നന്‍പന്‍ വേറിട്ടൊരു മേക്കിംഗിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതില്‍ ഷങ്കര്‍ വിജയിച്ചു എന്ന് വേണം പറയാന്‍.

ഷങ്കറിന്റെ അടുത്ത ചിത്രം വിക്രമിമൊപ്പമാണ്. കോടികള്‍ വാരിക്കൂട്ടിയ അന്യന്‍ എന്ന ചിത്രത്തിന് ശേഷം, ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഷങ്കര്‍- വിക്രം കൂട്ടുകെട്ട് വീണ്ടും വരുന്നത്. അന്യനിലെ ദ്വന്ദവ്യക്തിതമുള്ള നായകകഥാപാത്രം വിക്രമിനെ കോളിവുഡിലെ സൂപ്പര്‍താരമാക്കി മാറ്റിയ ഒന്നാണ്.

താണ്ഡവം, കരികാലന്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് വിക്രം ഇപ്പോള്‍. അതുകഴിഞ്ഞ് സെപ്തംബറിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. വിക്രമിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഒരുക്കിയ ഷങ്കര്‍ വീണ്ടും അദ്ദേഹത്തോടൊപ്പം ചേരുമ്പോള്‍ പ്രതീക്ഷകളും ഏറുന്നു.