മമ്മൂട്ടി രാഷ്ട്രീയത്തിലേക്കില്ല

Webdunia
PROPRO
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടിപ്പില്‍ മമ്മൂട്ടി മത്സരിക്കില്ല. സി പി എം സ്വതന്ത്രനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളത്തിന്‍റെ സൂപ്പര്‍താരം തയ്യാറെടുക്കുന്നതായി രാഷ്ട്രീയ ഉപശാലകളില്‍ കുശുകുശുപ്പു തുടരുമ്പോഴാണ്‌ മമ്മൂട്ടിയുടെ ഈ വെളിപ്പെടുത്തല്‍.

സിനിമയില്‍ നല്ല തിരക്കാണെന്നും രാഷ്ടീയത്തിന്‌ വേണ്ടി ചെലവിടാന്‍ ഇപ്പോള്‍ സമയമില്ലെന്നുമാണ്‌ താരത്തിന്‍റെ നിലപാട്‌. കുടുംബസമേതമുള്ള വിദേശയാത്രക്ക്‌ ശേഷം ‘മായാബസാര്‍ ’ എന്ന ചിത്രത്തിന്‌ വേണ്ടി പൊള്ളാച്ചിയിലാണ്‌ ഇപ്പോള്‍ താരം.

“ഏത്‌ തെരഞ്ഞെടുപ്പ്‌ വരുമ്പോഴും എന്‍റെ പേര്‌ വലിച്ചിഴയ്‌ക്കുക എന്നത്‌ ഇപ്പോള്‍ കേരളത്തില്‍ ഒരു ശീലമായി മാറിയിട്ടുണ്ട്‌. ഇക്കാര്യം വളരെ കൃത്യമായി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക്‌ രാജ്യം ഭരിക്കാന്‍ താത്‌പര്യമില്ല, സിനിമകളിലുടെ ജനങ്ങളുടെ ഹൃദയം ഭരിക്കാനാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്‌”-ഒരു ദേശീയ മാധ്യമത്തോട്‌ മമ്മൂട്ടി പ്രതികരിച്ചു.

മലയാളിയുടെ പ്രിയപ്പെട്ടതാരത്തിനായി എറണാകുളം ലോക്‌സഭാസീറ്റോ മലപ്പുറത്തെ പൊന്നാനിയോ നല്‌കാനാണ്‌ സി പി എമ്മില്‍ ചര്‍ച്ച നടക്കുന്നത്‌ എന്നായിരുന്നു വാര്‍ത്തകള്‍
PROPRO


“എന്നെ രാഷ്ട്രീയത്തില്‍ ഇറക്കാന്‍ നിരവധി പേര്‍ ശ്രമിക്കുന്നു എന്നത്‌ സത്യമാണ്‌, എന്നാല്‍ എനിക്കതില്‍ താത്‌പര്യമില്ല. എന്‍റെ ഇപ്പോഴത്തെ ജോലിയില്‍ ഞാന്‍ സംതൃപ്‌തനാണ്‌, എനിക്കിപ്പോള്‍ കൈ നിറയെ ചിത്രങ്ങള്‍ ഉണ്ട്‌.” -മമ്മൂട്ടി നയം വ്യക്തമാക്കി.

അവസാനമായി തിയേറ്ററില്‍ എത്തിയ മമ്മൂട്ടിയുടെ ‘പരുന്ത്‌’ ആരാധകരുടെ ആവേശം ഉയര്‍ത്തിയെങ്കിലും പ്രതീക്ഷിച്ച വാണിജ്യവിജയം നേടിയിരുന്നില്ല്. നെഗറ്റീവ്‌ കഥാപാത്രത്തെ അവതരിപ്പിച്ചത്‌ ആരാധകര്‍ക്ക്‌ ഇഷ്ടപ്പെടാത്തതാകാം ഇതിന്‌ കാരണമെന്ന്‌ മമ്മൂട്ടി ചൂണ്ടികാട്ടുന്നു. കഠിന ഹൃദയനായ കൊള്ളപലിശക്കാരനെയാണ്‌ പരുന്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്‌.

“അത്തരം വേഷങ്ങളില്‍ എന്നെ എല്ലാവര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നില്ലായിരിക്കും. പക്ഷെ ഇതെല്ലാം സിനിമയുടെ ഭാഗമാണ്‌. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ കഥാപാത്രത്തെ പരമാവധി ഭംഗിയാക്കി”-മമ്മൂട്ടി സ്വയം ന്യായീകരിച്ചു.