മമ്മൂട്ടി - ഗോഡ്ഫാദറില്ലാതെ വളര്‍ന്ന നടന്‍ !

Webdunia
വെള്ളി, 27 നവം‌ബര്‍ 2015 (18:49 IST)
മമ്മൂട്ടി പ്രതിസന്ധികളെ വിജയത്തിലേക്കുള്ള പടവുകളാക്കി ചവിട്ടിക്കയറിവന്ന നടനാണ്. അതുകൊണ്ടുതന്നെയാണ് മൂന്നരപതിറ്റാണ്ടിനിപ്പുറവും മമ്മൂട്ടി മലയാളത്തിലെ ഏക മെഗാസ്റ്റാറായി നിലനില്‍ക്കുന്നത്. ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന അഭിനയപാടവവും അനുപമമായ സൌന്ദര്യവും സമാനതകളില്ലാത്ത ശബ്ദസൌകുമാര്യവും മമ്മൂട്ടിയെ ഇന്ത്യയിലെ തലയെടുപ്പുള്ള താരമാക്കി മാറ്റുന്നു. കഠിനാദ്ധ്വാനവും സമര്‍പ്പണമനോഭാവവും കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ നടനാണ് മമ്മൂട്ടിയെന്ന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പറയുന്നു.
 
അസാധാരണമായ ബുദ്ധിവൈഭവമാണ് മമ്മൂട്ടിയെ വിജയസിംഹാസനത്തില്‍ തുടരാന്‍ പ്രാപ്തനാക്കുന്നതെന്നാണ് ശ്രീകുമാരന്‍ തമ്പിയുടെ അഭിപ്രായം. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാരന്‍ തമ്പി മമ്മൂട്ടിയെ പ്രശംസകള്‍ കൊണ്ട് മൂടുന്നത്.
 
പ്രതിഭയുടെയും ബുദ്ധിയുടെയും മികച്ച സമന്വയത്തിലൂടെയാണ് മമ്മൂട്ടി സിനിമാലോകത്ത് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു. പൂര്‍ണമായും സെല്‍‌ഫ് മെയ്ഡാണ് മമ്മൂട്ടിയെന്ന് തമ്പി പറയുന്നു. ഒരു നടനെന്ന നിലയില്‍ വളര്‍ന്ന് സൂപ്പര്‍താരമായി മാറുവാന്‍ മമ്മൂട്ടിക്ക് സഹായവുമായി ഏതെങ്കിലും ഗോഡ്ഫാദറോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ലെന്ന് ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു.
 
സ്വയം രൂപപ്പെടുത്തിയതാണ് മമ്മൂട്ടി ഇന്നത്തെ താരപദവി. അച്ചടക്കപൂര്‍ണമായ ഒരു ജീവിതമാണ് അദ്ദേഹത്തെ അതിലേക്ക് നയിച്ചത് - തമ്പി ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷം ഒരു നല്ല സിനിമയെങ്കിലും നല്‍കാന്‍ മമ്മൂട്ടി ശ്രമിക്കുന്നു. സീനിയേഴ്സായ സംവിധായകര്‍ക്കും പുതുമുഖങ്ങള്‍ക്കും ഡേറ്റ് നല്‍കുന്നു.
 
വളരെ കൃത്യമായ നിരീക്ഷണങ്ങളാണ് മമ്മൂട്ടിയെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി നടത്തുന്നത്. വിളിച്ചു വിളികേട്ടു, മുന്നേറ്റം തുടങ്ങിയ ശ്രീകുമാരന്‍ തമ്പി ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.