മമ്മൂട്ടിയും യുവനായിക കീര്‍ത്തി സുരേഷും ഒന്നിക്കുന്നു. ഭരതന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ഇവര്‍ ആദ്യമായി ഒന്നിക്കുന്നത്. ഇളയദളപതി വിജയ് ആണ് ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്‍റെ നായകന്‍.
ഒരു അടിപൊളി ത്രില്ലറാണ് വിജയ് - മമ്മൂട്ടി ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദളപതി പോലെ, ചിത്രത്തില്‍ നായകനേക്കാള്‍ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക. വിജയുടെയും മമ്മൂട്ടിയുടെയും ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും.
മോഹന്‍ലാലും വിജയും ഒന്നിച്ചപ്പോള്‍ ജില്ല എന്ന വന്‍ ഹിറ്റ് ഉണ്ടായിരുന്നു. അതിനേക്കാള്‍ വലിയ വിജയത്തിനാണ് മമ്മൂട്ടിയും വിജയും ഒന്നിക്കുന്നത്.
കാജല്‍ അഗര്‍വാളിനെയാണ് നേരത്തേ ഈ ചിത്രത്തില്‍ നായികയായി ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീട് കീര്‍ത്തി സുരേഷിനെ തീരുമാനിക്കുകയായിരുന്നു. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഒരു അധോലോക നായകനാണെന്നും സൂചനയുണ്ട്.
അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രമൊരുക്കിയ ഭരതന്‍ ഈ സിനിമയ്ക്ക് പേര് തീരുമാനിച്ചിട്ടില്ല. വിജയവാഹിനി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘ഗീതാഞ്ജലി’ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം കീര്‍ത്തി സുരേഷ് അഭിനയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം കീര്‍ത്തി ഇതാദ്യമാണ്.