മകന് വഴിയൊരുക്കി മമ്മൂട്ടി പിന്‍‌വാങ്ങി, ദുല്‍ക്കറിനോട് മത്സരിക്കാന്‍ പൃഥ്വിയെ ചുമതലപ്പെടുത്തി!

Webdunia
ബുധന്‍, 17 ജൂലൈ 2013 (19:29 IST)
PRO
മമ്മൂട്ടിയുടെയും മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍റെയും സിനിമകള്‍ റംസാന് അടുത്തടുത്ത ദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടി, ദുല്‍ക്കറിന്‍റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ സിനിമകളാണ് ഓഗസ്റ്റ് 8, 9 തീയതികളില്‍ പുറത്തിറങ്ങാനിരുന്നത്. എന്നാല്‍ ദുല്‍ക്കര്‍ ചിത്രത്തിനൊപ്പം തന്‍റെ സിനിമ ഇറക്കേണ്ടതില്ലെന്ന് ഒടുവില്‍ മെഗാസ്റ്റാര്‍ തീരുമാനിച്ചു.

മുമ്പ് തീരുമാനിച്ചതുപോലെ ഓഗസ്റ്റ് ഒമ്പതിന് തന്നെ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ റിലീസാകും. ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ ഓഗസ്റ്റ് 15ന് മാത്രമേ റിലീസ് ചെയ്യുകയുള്ളൂ. ഇതോടെ അച്ഛനും മകനും തമ്മില്‍ നേരിട്ടൊരു ഏറ്റുമുട്ടല്‍ ഉണ്ടാകില്ലെന്നുറപ്പായി.

‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ നിര്‍മ്മിക്കുന്നത് പൃഥ്വിരാജാണ്. മത്സരത്തില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയപ്പോള്‍ മമ്മൂട്ടിയുടെ അനുവാദത്തോടെ ദുല്‍ക്കര്‍ ചിത്രത്തിനൊപ്പം തന്‍റെ ‘മെമ്മറീസ്’ റിലീസ് ചെയ്യാന്‍ പൃഥ്വിരാജ് തീരുമാനിച്ചിരിക്കുകയാണ്. ഓഗസ്റ്റ് എട്ടിനാണ് ‘മെമ്മറീസ്’ പ്രദര്‍ശനത്തിനെത്തുക. ഇതോടെ ദുല്‍ക്കര്‍ - പൃഥ്വി പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

എന്നാല്‍ ദുല്‍ക്കറിന് വെല്ലുവിളിയുയര്‍ത്തി പൃഥ്വിരാജ് മാത്രമല്ല എത്തുന്നത്. വിജയ് നായകനാകുന്ന തമിഴ് ചിത്രം ‘തലൈവാ’, ഷാരുഖ് ഖാന്‍റെ ’ചെന്നൈ എക്സ്പ്രസ്’, ലാല്‍ ജോസിന്‍റെ ‘പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും’ എന്നീ ചിത്രങ്ങളും ഓഗസ്റ്റ് 9ന് പ്രദര്‍ശനത്തിനെത്തുന്നുണ്ട്.