ഫിസിക്സ് അധ്യാപകനായി പൃഥ്വിരാജ്

Webdunia
ഞായര്‍, 22 ഫെബ്രുവരി 2009 (11:37 IST)
PROPRO
യുവ സൂപ്പര്‍താരം പൃഥ്വിരാജ് ഒരു എന്‍‌ട്രന്‍സ് കോച്ചിംഗ് അക്കാദമിയിലെ ഊര്‍ജ്ജതന്ത്രം അധ്യാപകനായി അഭിനയിക്കുന്നു. ജോഷി സംവിധാനം ചെയ്യുന്ന ‘റോബിന്‍ ഹുഡ്’ എന്ന ചിത്രത്തിലാണ് പൃഥ്വിയുടെ ഈ കഥാപാത്രമുള്ളത്.

അയാള്‍ ഒരു ഫിസിക്സ് അധ്യാപകനാണ്. മാന്യരില്‍ മാന്യന്‍. ഏവരും ബഹുമാനിക്കുന്നയാള്‍. എന്നാല്‍, അയാള്‍ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. നഗരങ്ങളിലെ ബാങ്കുകള്‍ അയാള്‍ കൊള്ളയടിക്കുന്നു. ആര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെ. ഹൈടെക് വിദ്യകള്‍ ഉപയോഗിച്ച് എ ടി എമ്മുകളില്‍ നിന്നാണ് അയാള്‍ ലക്ഷങ്ങള്‍ കവരുന്നത്. പൃഥ്വിരാജിന് തന്‍റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിലൊന്നാണ് റോബിന്‍‌ഹുഡില്‍ അവതരിപ്പിക്കാനുള്ളത്.

ഈ ചിത്രത്തില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്‍റെ വേഷത്തില്‍ തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജിത് അഭിനയിക്കുന്നു. ഗുല്‍‌മോഹര്‍, തിരക്കഥ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് അഭിനയിക്കുന്ന സിനിമയാണിത്. അലക്സാണ്ടര്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. തികച്ചും എക്‍സന്‍ഡ്രിക്കായ ഒരു കഥാപാത്രം. ഐ പി എസ് ഉദ്യോഗസ്ഥനാണ് അയാള്‍. ഇല്ലാത്ത ദുശ്ശീലങ്ങള്‍ ഒന്നുമില്ല. പൊലീസ് കുപ്പായത്തിനുള്ളില്‍ സ്വാതന്ത്ര്യമില്ലെന്ന കാരണത്താല്‍ ജോലി രാജിവച്ചു അയാള്‍. ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രൈവറ്റ് ഡിറ്റക്ടീവ്.

പൃഥ്വിയും രഞ്ജിത്തും തമ്മിലുള്ള കള്ളനും പൊലീസും കളിയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. പൊലീസ് കമ്മീഷണറുടെ വേഷത്തില്‍ ബിജു മേനോന്‍ അഭിനയിക്കുന്നു. ബിജു മേനോന്‍റെയും രഞ്ജിത്തിന്‍റെയും കഥാപാത്രങ്ങള്‍ ഒരേ കേസ് ആണ് അന്വേഷിക്കുന്നത്. പക്ഷേ അലക്സാണ്ടറുടെ രീതി തികച്ചും വ്യത്യസ്തമായിരുന്നു.

ഒരു ബാങ്ക് എക്സിക്യൂട്ടീവ് മാനേജരായി സായികുമാര്‍ അഭിനയിക്കുന്നു. നായിക ഭാവനയാണ്. ബാങ്ക് മാനേജരായ രൂപ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.

ചോക്ലേറ്റിന് ശേഷം സച്ചി - സേതു ടീം രചിച്ച തിരക്കഥയാണ് റോബിന്‍‌ഹുഡ്. അനന്താവിഷന്‍റെ ബാനറില്‍ ശാന്താമുരളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.