ഫാസിലിനെ രക്ഷിക്കാന്‍ ദിലീപ്

Webdunia
PROPRO
മലയാളത്തിന്‍റെ മുന്‍കാല സൂപ്പര്‍ സംവിധായകന്‍ ഫാസില്‍ തിരിച്ചു വരവിന്‌ ശ്രമിക്കുന്നു. വെള്ളിത്തിരയില്‍ ഫാസില്‍ മന്ത്രം ഏശാതെ വന്നതിനെ തുടര്‍ന്ന്‌ അന്യഭാഷകളിലേക്ക്‌ ചേക്കേറിയ സംവിധായകന്‍ ദിലീപിലൂടെയാണ്‌ തിരിച്ചു വരവിന്‌ ശ്രമിക്കുന്നത്‌.

ഫാസിലിന്‍റെ ചിത്രത്തില്‍ ആദ്യമായാണ്‌ ദിലീപ്‌ അഭിനയിക്കുന്നത്‌. മലയാളത്തിന്‌ മികച്ച ചിത്രങ്ങള്‍ സംഭാവന ചെയ്‌ത ഫാസിലിന്‌ അടുത്ത കാലത്തായി വിജയ ചിത്രങ്ങളൊന്നും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ദിലീപിന്‍റെ കോമഡി ചിത്രങ്ങള്‍ നഷ്ടമുണ്ടാക്കാതെ രക്ഷപ്പെട്ടു പോകും എന്നതിനാല്‍ ഇക്കുറി ഫാസില്‍ പ്രതീക്ഷിലാണ്‌.

ദിലീപിന്‍റെ കോമഡിയും ഫാസിലിന്‍റെ ട്രേഡ്‌മാര്‍ക്ക്‌ സെന്‍റിമെന്‍റ്‌സും ചേരുന്ന ചിത്രത്തിന്‌ ‘മോസസ്‌ ബി സാമ്മുവേല്‍’ എന്നാണ്‌ പേര്‌ നല്‌കിയിരിക്കുന്നത്‌. ചെറിയ ചെറിയ കള്ളത്തരങ്ങളിലൂടെ ജീവിതം കെട്ടിപ്പടുക്കുന്ന നായകനെയാണ്‌ ദിലീപ്‌ അവതരിപ്പിക്കുന്നത്‌.

മോഹന്‍ലാല്‍ എന്ന നടനെ മലയാളത്തിന്‌ സമ്മാനിച്ച ഫാസില്‍ ചിത്രത്തിലേക്ക്‌ പുതുമുഖ നായികയെ തേടികൊണ്ടിരിക്കുകയാണെന്ന്‌ അറിയുന്നു. ജഗദീഷ്‌, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, ഇന്നസെന്‍റ് എന്നിവര്‍ ചിത്രത്തിലുണ്ട്‌. ബേബി നിവേദിതയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും.

ക്രിസ്‌മസിന്‌ തിയേറ്ററില്‍ എത്തിക്കാന്‍ ഉദ്ദേശിച്ച്‌ സിനിമയുടെ ചിത്രീകരണം സെപ്‌തംബറില്‍ ആരംഭിക്കുമെന്നറിയുന്നു. അറുപത്‌ ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ ചിത്രം തീര്‍ക്കാനാണ്‌ ഫാസിലിന്‍റെ നീക്കം.