മലയാളത്തിലും തമിഴിലും ഒരു പോലെ വിജയം വരിക്കുന്നു എന്നതാണ് പൃഥ്വിരാജിന്‍റെ പ്രത്യേകത. വന്‍താരങ്ങളെ പിന്തള്ളി സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്കാരം ചെറു പ്രായത്തിലേ സ്വന്തമാക്കിയ പൃഥ്വിയെ തേടി ജീവിതകാലത്തെ ഏറ്റവും മികച്ച അവസരം എത്തിയതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.
ബോളീവുഡിലെ ശക്തനായ സംവിധായകന്‍ സാക്ഷാല്‍ മണിരത്നം പൃഥ്വിരാജിനെ പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചു എന്നാണ് വാര്‍ത്തകള്‍. ‘ഗുരു’വിന് ശേഷം മണിരത്നം ഒരുക്കാന്‍ പോകുന്ന ചിത്രത്തിലേക്ക് പൃഥ്വിയെ സംവിധായകന്‍ മനസില്‍ കണ്ടിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍.
മലയാളത്തില്‍ റംസാന്‍ മത്സരത്തില്‍ പൃഥ്വിയുടെ ‘ചോക്ലൈറ്റ്’ ഹിറ്റായി. ‘ക്ലാസ്മേറ്റ്സ്’ വന്‍ വിജയമായിരുന്നു. വന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഇടയില്‍ ഭേദപ്പെട്ട വിജയം ഒരുക്കാന്‍ പൃഥ്വിയുടെ തമിഴ് ചിത്രങ്ങള്‍ക്കും കഴിയുന്നു. ‘മൊഴി’, ‘ശത്തം പോടാതെ’എന്നിവ മികച്ച വിജയം നേടി.
ദീപാവലിക്ക് തിയേറ്ററില്‍ എത്തിയ ‘കണ്ണാമൂച്ചി ഏനഡാ’ എന്ന ചിത്രവും വന്‍ ചിത്രങ്ങള്‍ക്ക് ഇടയില്‍ സ്വന്തം ഇടം കണ്ടെത്തി മുന്നേറുന്നു. സൂപ്പര്‍താരചിത്രങ്ങളായ ‘വേല്‍’, ‘അഴകിയ തമിഴ് മകന്‍’ എന്നീ ചിത്രങ്ങളുടേതിന് സമാനമായ മുന്നേറ്റം പൃഥ്വിയും ഉണ്ടാക്കുന്നു.
തെലുങ്കിലേക്കും കാല്‍ വയ്ക്കാനുള്ള ഒരുക്കത്തിലാണ് മലയാളിയുടെ ഈ യുവനായകന്‍. ഒരു മലയാളി താരം തെന്നിന്ത്യന്‍ ചിത്രങ്ങളിലെല്ലാം ഒരേ സമയം ഹിറ്റാകുന്നത് അപൂര്‍വ്വമായിട്ട് മാത്രമേ സംഭവിക്കാറുള്ളു. മണിരത്നത്തിന്‍റെ ചിത്രത്തില്‍ അവസരം ലഭിക്കുകയാണെങ്കില്‍ ബോളീവുഡിന്‍റെ വാതിലുകളും പൃഥ്വിക്ക് മുന്നില്‍ തുറക്കുമെന്ന് ഉറപ്പാണ്.