ദുല്‍ക്കര്‍ സല്‍മാന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടില്ല!

Webdunia
വ്യാഴം, 24 മാര്‍ച്ച് 2016 (19:55 IST)
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ‘ചാര്‍ലി’ എന്ന ചിത്രത്തിലൂടെ നേടിയ ദുല്‍ക്കര്‍ സല്‍മാന് പക്ഷേ ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിരാശ സമ്മാനിക്കും. സംസ്ഥാനത്ത് മികച്ച നടനായ ദുല്‍ക്കറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കില്ല.
 
ദേശീയ പുരസ്കാരത്തിനായി ചിത്രം കൃത്യസമയത്ത് അയയ്ക്കാതിരുന്നതാണ് കാരണമായത്. എട്ട് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ചാര്‍ലി ദേശീയ പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കപ്പെടാതെ പോകുന്നത് നിര്‍ഭാഗ്യവും അങ്ങേയറ്റം നിരുത്തരവാദപരവുമാണ്.
 
സംസ്ഥാന അവാര്‍ഡിന് ശേഷമാണ് ദേശീയ പുരസ്കാരങ്ങള്‍ക്കായി ചിത്രം അയക്കേണ്ടതെന്ന തെറ്റായ വിശ്വാസമാണ് ചാര്‍ലിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് വിനയായത്. അബദ്ധം പെട്ടെന്ന് മനസിലായെങ്കിലും ചിത്രത്തെ ഉള്‍പ്പെടുത്താന്‍ പിന്നീട് കഴിഞ്ഞില്ല.
 
മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിക്കപ്പെടാത്തതില്‍ ദുല്‍ക്കര്‍ സല്‍മാന് ദുഃഖം ഉണ്ടാകാം. എന്നാല്‍ സാക്ഷാല്‍ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിക്കപ്പെടുമെന്നത് ദുല്‍ക്കറിന് സന്തോഷവും പകരും. ‘പത്തേമാരി’ എന്ന ചിത്രത്തിലൂടെ മികച്ച നടനായി മമ്മൂട്ടി വീണ്ടും തെരഞ്ഞെടുക്കപ്പെടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.