ട്വന്‍റി 20ക്ക് സെഞ്ച്വറി

Webdunia
തിങ്കള്‍, 16 ഫെബ്രുവരി 2009 (12:21 IST)
PROPRO
താരസംഘടനയായ ‘അമ്മ’യുടെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ട്വന്‍റി 20 നൂറു ദിവസം തികച്ചു. പത്തിലധികം സെന്‍ററുകളിലാണ് ചിത്രം നൂറു ദിവസവും കടന്ന് പ്രദര്‍ശനം തുടരുന്നത്. മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായ ട്വന്‍റി 20 ഇതിനകം തന്നെ ഇരുപത് കോടിയിലധികം രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് റിലീസ് ചെയ്ത ട്വന്‍റി 20യില്‍ മലയാള സിനിമയിലെ 65 മുന്‍‌നിര താരങ്ങള്‍ അഭിനയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, H, ദിലീപ് എന്നിവരായിരുന്നു നായകന്‍‌മാര്‍. നയന്‍‌താര, ഭാവന, കാവ്യ മാധവന്‍, ഗോപിക, കാര്‍ത്തിക തുടങ്ങിയവര്‍ നായികാ നിരയിലുണ്ടായിരുന്നു.

2.6 കോടി രൂപയാണ് ട്വന്‍റി 20യുടെ ആദ്യ ദിവസത്തിലെ കളക്ഷന്‍. ആദ്യ വാരം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും ട്വന്‍റി20ക്കാണ്. ആദ്യ വാരം 10 കോടി കളക്ഷന്‍ നേടിയ ചിത്രം വിതരണക്കാരുടെ ഓഹരിയായി നേടിയത് 5.72 കോടിയാണ്.

ഈ ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്ത് ആദ്യ വാരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. ആദ്യമായാണ് ഒരു മലയാള ചിത്രം തമിഴ് ബോക്സോഫീസില്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. എല്ലാ താരങ്ങളും ഒന്നിനൊന്നു മികച്ചു നിന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ കഥാപാത്രം സുരേഷ് ഗോപി അവതരിപ്പിച്ച ആന്‍റണി പുന്നക്കാടന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്.

ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ പി വാസു ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. തമിഴിലെ എല്ലാ സൂപ്പര്‍താരങ്ങളെയും ഒന്നിപ്പിക്കാനായി പി വാസു ശ്രമം തുടങ്ങിക്കഴിഞ്ഞു.