ഞാന്‍ കൃഷി ചെയ്യുന്നത് മാധ്യമങ്ങളെ കാണിക്കാനല്ല: സലിംകുമാര്‍

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (20:10 IST)
PRO
താന്‍ കൃഷി ചെയ്യുന്നത് മാധ്യമങ്ങളെ കാണിക്കാന്‍ വേണ്ടിയല്ലെന്ന് നടന്‍ സലിംകുമാര്‍. പൊക്കാളിയെന്ന അപൂര്‍വയിനം നെല്‍വിത്താണ് സലിംകുമാര്‍ കൃഷി ചെയ്യുന്നത്. ആറുമാസത്തെ പൊക്കാളികൃഷി കഴിഞ്ഞാല്‍ അതേ പാടത്ത് ആറുമാസം ചെമ്മീന്‍കൃഷിയും നടത്തുന്നു. എന്നാല്‍ ഈ കൃഷിയും കാര്യങ്ങളുമൊന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാറില്ല സലിംകുമാര്‍.

“എനിക്കിവിടെ കൃഷിയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. പൊക്കാളിയെക്കുറിച്ച് ഡോക്യുമെന്‍ററി എടുത്തപ്പോഴാണ് ചിലരൊക്കെ അറിഞ്ഞത്. ഇപ്പോള്‍ പലരും ചെയ്യുന്നതുപോലെ മാധ്യമങ്ങളെ വിളിച്ച് എനിക്കിതു കാണിക്കാന്‍ താല്‍പ്പര്യമില്ല. കൃഷി ഒരു പൗരന്‍റെ കടമയാണ്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സലിംകുമാര്‍ വ്യക്തമാക്കി.

മമ്മൂട്ടിയും ശ്രീനിവാസനും നെല്‍കൃഷി ചെയ്യുന്നത് അടുത്ത കാലത്ത് മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു.

അടുത്ത പേജില്‍ - ഞാന്‍ അവാര്‍ഡിന് പിറകെയല്ല, എന്‍റെ പിറകെയാണ് അവാര്‍ഡ് വന്നത്!

PRO
“പൊക്കാളികൃഷി ഇല്ലാവുന്നതു കണ്ടപ്പോഴാണ് ഞാന്‍ ഡോക്യുമെന്‍ററിയെടുത്തത്. എന്നാല്‍ അവാര്‍ഡ് ജൂറി അതു കാണാന്‍ പോലും തയ്യാറായില്ല. അതു പറഞ്ഞ ഞാന്‍ കുറ്റക്കാരനായി. ഡോക്യുമെന്‍ററിക്ക് അവാര്‍ഡ് കിട്ടാത്തതുകൊണ്ടാണ് വിമര്‍ശിച്ചതെന്നായിരുന്നു പലരും വിചാരിച്ചത്. ജൂറി ചിത്രം കാണാത്തതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. അക്കാര്യത്തില്‍ അക്കാദമിയോട് യുദ്ധം ചെയ്തതില്‍ തെറ്റൊന്നുമില്ല. ഒരു നടനും ചെയ്യാത്ത കാര്യമാണ്. അവാര്‍ഡ് കിട്ടില്ലെന്നു ഭയന്ന് ഒരു നടനും അങ്ങനെ ചെയ്യില്ല. ഞാന്‍ അവാര്‍ഡിനുവേണ്ടി ജീവിക്കുന്ന ആളല്ല. പിറകെ പോയിട്ടുമില്ല. എന്‍റെ പിറകെയാണ് അവാര്‍ഡ് വന്നത്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സലിംകുമാര്‍ പറയുന്നു.

അടുത്ത പേജില്‍ - ‘അമ്മ’ എന്നെഴുതിയാല്‍ അഞ്ച് തെറ്റുവരുത്തുന്ന സിനിമാക്കാര്‍!

PRO
“സിനിമ കാണുന്നതിലും കൂടുതല്‍ സമയം വിനിയോഗിക്കുന്നത് വായിക്കാനാണ്. ചെറുകഥകളാണിഷ്ടം. ഇടയ്ക്കിടെ ബുക്ക്‌സ്റ്റാളില്‍ പോയി നല്ല പുസ്തകങ്ങളെടുക്കും. പക്ഷേ അതില്‍ സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഉണ്ടാവാറില്ല. അമ്മ എന്നെഴുതിയാല്‍ അഞ്ച് തെറ്റുവരുത്തുന്ന ചില സിനിമാക്കാരാണ് പുസ്തകമെഴുതുന്നത്. അവര്‍ അന്താരാഷ്ട്രകാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ ഈശ്വരനെ വിളിച്ചുപോവും” - മംഗളത്തിന് വേണ്ടി രമേഷ് പുതിയ മഠത്തിന് അനുവദിച്ച അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നു.

അടുത്ത പേജില്‍ - സലിംകുമാര്‍ തിരക്കഥയെഴുതുന്നു!

PRO
“ഒരു നടന്‍ നല്ല സിനിമകള്‍ കാണണമെന്ന് പൊതുവെ പറയാറുണ്ട്. പക്ഷേ എന്‍റെ അഭിപ്രായത്തില്‍ ഒരു നടന്‍ പുസ്തകങ്ങളാണ് വായിക്കേണ്ടത്. ഞാനും എന്‍റേതായ ഭാഷയില്‍ എഴുതാറുണ്ട്. രണ്ട് ഷോര്‍ട്ട് ഫിലിമുകളുടെ സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. വിശാലമായ ഒരു സിനിമാ സ്‌ക്രിപ്റ്റ് എന്നില്‍ നിന്നും പ്രതീക്ഷിക്കാം. പക്ഷേ, അതെപ്പോഴാണെന്ന് മാത്രം ചോദിക്കരുത്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സലിംകുമാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്