ഗീതു സംവിധായികയാകുന്നു

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (11:26 IST)
PROPRO
പ്രശസ്തനടി ഗീതു മോഹന്‍‌ദാസ് സംവിധായികയാകുന്നു. എന്നാല്‍ തന്‍റെ ആദ്യ സംവിധാന സംരംഭമായി ഗീതു തെരഞ്ഞെടുത്തിരിക്കുന്നത് സിനിമയെയല്ല. ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്യാനാണ് ഗീതുവിന്‍റെ തീരുമാനം. 30 മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്‍റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അടുത്തയാഴ്ച ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യാനാണ് ഗീതു തീരുമാനിച്ചിരിക്കുന്നത്.

കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ബുദ്ധിപരമായ സമീപനം സ്വീകരിച്ചിരിക്കുന്ന നടിയായാണ് ഗീതു മോഹന്‍‌ദാസിനെ സിനിമാ വിദഗ്ധര്‍ വിലയിരുത്തുന്നത്. വാല്‍ക്കണ്ണാടി, ഒരിടം, അകലെ, രാപ്പകല്‍, തകരച്ചെണ്ട, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, നാലുപെണ്ണുങ്ങള്‍ തുടങ്ങിയവയാണ് ഗീതുവിന്‍റെ പ്രധാന സിനിമകള്‍. ഇതില്‍ ഒരിടം, അകലെ എന്നീ സിനിമകളിലെ അഭിനയത്തിന് ഗീതുവിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായാ‍ണ് ഗീതു സിനിമയിലെത്തുന്നത്. 1986ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഗീതുവിനായിരുന്നു. എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്കായ ‘എന്‍ ബൊമ്മക്കുട്ടിയമ്മാവുക്ക്’ എന്ന സിനിമയിലൂടെ തമിഴിലും ഗീതു എന്ന ബാലതാരം തരംഗം സൃഷ്ടിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം, ഫാസില്‍ സംവിധാനം ചെയ്ത ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന സിനിമയിലൂടെ മലയാളത്തില്‍ ഗീതു മോഹന്‍‌ദാസ് നായികയായി അരങ്ങേറി. കമലഹാസന്‍ നിര്‍മ്മിച്ച നളദമയന്തി എന്ന ചിത്രത്തിലൂടെ തമിഴിലും ഗീതു നായികയായി.

എന്തായാലും അഭിനയത്തിന് തല്‍ക്കാലം അവധി നല്‍കി സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗീതുവിന്‍റെ പരിപാടി.