കോപ്പിയടികള്‍ക്കിടെയിലെ ചില പ്രതീക്ഷകള്‍

Webdunia
തിങ്കള്‍, 7 ജനുവരി 2013 (17:46 IST)
PRO
PRO
2011 ല്‍ പുറത്തിറങ്ങിയ രാജേഷ് പിള്ളയുടെ ‘ട്രാഫിക്‘ എന്ന ചിത്രം മുതലാണ് മലയാളത്തില്‍ “ന്യൂ ജനറേഷന്‍” ചിത്രങ്ങള്‍ എന്ന അടയാളപ്പെടുത്തല്‍ ഉണ്ടായത്. ഈ പ്രയോഗം ശരിയോ തെറ്റോ എന്ന ചര്‍ച്ചകള്‍ക്കപ്പുറത്ത് മലയാളത്തില്‍ നല്ല സിനിമകള്‍ സംഭവിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എല്ലാ കാലത്തും ആ കാലഘട്ടത്തിന്റേതായ സിനിമകള്‍ ഉണ്ടാവുമെന്നും അവയെല്ലാം ആ കാലഘട്ടത്തെ ‘പുതുതലമുറ’ ചിത്രങ്ങളാണെന്നും വാദിക്കുന്നതില്‍ തെറ്റില്ല. ആ അര്‍ത്ഥത്തില്‍ തന്നെ ഈ സിനിമകളെ “ന്യൂ ജനറേഷന്‍” എന്ന് വിളിക്കാം.

മലയാള സിനിമ കുറച്ച് കാലത്തെ ജഡാവസ്ഥക്ക് ശേഷം പുതിയൊരു ഉണര്‍വ്വിലേക്കെത്തുന്നു എന്നതാ‍ണ് ഇത്ര കൃത്യമായ ഒരു വേര്‍തിരിവിന് പ്രധാനമായും ആധാ‍രമായ വസ്തുത. അത് തന്നെയാണ് ഇത്തരമൊരു അടയാളപ്പെടുത്തലിന്റെ പ്രസക്തിയും. മലയാള സിനിമ കഴിഞ്ഞ ഒരു ദശാബ്ദക്കാലം, അത് തുടര്‍ന്നു വന്ന നിലവാരം നിലനിര്‍ത്തിയിരുന്നെങ്കില്‍ ന്യൂ ജനറേഷന്‍ സിനിമ എന്ന പദം പോലും ഒരുപക്ഷേ അപ്രസക്തമായിത്തീര്‍ന്നേനെ.

മലയാള സിനിമയുടെ പ്രതിസന്ധി ഘട്ടത്തില്‍ പോലും ഇവിടെ നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ടായിരുന്നു. എന്നാല്‍ അവ വിരളമായിരുന്നെന്ന് മാത്രം. ഇപ്പോഴത്തെ സിനിമകള്‍ മുന്‍ കാലത്തെ അപേക്ഷിച്ച് മികച്ചവയാണെന്നോ മുന്‍പത്തെ സിനിമകളെല്ലാം മോശപ്പെട്ടവയാണെന്നോ കരുതാനാവില്ല. കുറച്ച് നാളത്തെ നിശ്ശബ്ദയ്ക്ക് ശേഷം മലയാള സിനിമ അതിന്റെ യഥാര്‍ഥ നിലവാരത്തിലേക്കെത്തുന്നു എന്നുമാത്രം. ഇവിടെ നല്ല സിനിമയ്ക്ക് പ്രേക്ഷകരുണ്ടെന്നും സ്ഥിരം ഫോര്‍മുലകള്‍ പ്രേക്ഷകര്‍ക്ക് മടുത്തു കഴിഞ്ഞെന്നും സിനിമാ പ്രവര്‍ത്തകര്‍ മനസ്സിലാക്കിതുടങ്ങി എന്നതാണ് ന്യൂ ജനറേഷന്റെ എറ്റവും വലിയ വിജയം. വ്യത്യസ്തമായ ആശയങ്ങള്‍ മുന്നോട്ട് വെക്കാനും നൂതന ആവിഷ്ക്കാര ശൈലികള്‍ പരീക്ഷിക്കാനും ഇതവര്‍ക്ക് ഊര്‍ജ്ജം നല്‍കി. അത് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. അത്തരം പരീക്ഷണങ്ങള്‍ക്ക് ഇടമില്ലാതായിത്തീര്‍ന്നു എന്നതായിരുന്നു മലയാള സിനിമയുടെ അപചയത്തിന് മൂലകാരണം. പരീക്ഷിച്ചു വിജയിച്ച ഫോര്‍മുലകളുടെ ചട്ടക്കൂടിനുള്ളില്‍ എത്രമാത്രം വൈവിധ്യം കൊണ്ടുവരാനാവും?

ഇപ്പോള്‍ ഒരു നല്ല സിനിമയുടെ കാറ്റ് മലയാള സിനിമാ മേഖലയില്‍ വീശുന്നു എന്ന കാര്യത്തില്‍ ന്യൂ ജനറേഷന്‍ അനുകൂലികള്‍ക്കും വിരോധികള്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. പുതിയ സിനിമകള്‍ പൊതുവായ പരിസരങ്ങളില്‍ കിടന്ന് തിരിയുകയാണെന്നും, പ്രധാ‍നമായും നഗരകേന്ദ്രീകൃതമാണെന്നും ഒരു വിമര്‍ശനമായിത്തന്നെ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ പരീക്ഷണങ്ങള്‍ സിനിമയുടെ കലാപരമായ മേഖലയിലോ അല്ലെങ്കില്‍ പരിചരണ രീതിയിലോ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് ന്യൂ ജനറേഷന്‍ സിനിമകളില്‍ കാണുന്ന മറ്റൊരു സവിശേഷത.

ഒരു കൂട്ടം സിനിമകളെ പുതുതലമുറ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അവ പൊതുവായി മുന്നോട്ട് വെക്കുന്ന മറ്റുചില സാധ്യതകള്‍ കൂടെയുണ്ട്. മാര്‍ക്കറ്റിങ്ങിന്റെ കാര്യത്തിലായാലും പരസ്പര പ്രോത്സാഹിപ്പിച്ച് വളരുന്ന കാര്യത്തിലായാലും പുതുതലമുറ സംവിധായകര്‍ മികച്ച പാടവം കാണിക്കുന്നു. തങ്ങളുടെ ആശയങ്ങള്‍ നന്നായി ആവിഷ്ക്കരിക്കാനും അതിനു ശേഷം ഏറ്റവും ഫലപ്രദമായി വിറ്റഴിക്കാനും അവര്‍ക്ക് സാധിക്കുന്നു എന്നത് വലിയൊരു കാര്യമാണ്. തങ്ങളുടെ സിനിമകളില്‍ മുന്‍പത്തെ സിനിമകളിലെ പാട്ടുകളും ഭാ‍ഗങ്ങളും ഉള്‍പ്പെടുത്തുന്നതിനും അതുവഴി ഇരു ചിത്രങ്ങളെയും പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനും നമ്മുടെ സംവിധായകര്‍ക്കാവുന്നുണ്ട്. മുന്‍പത്തെ സിനിമകളിലും ഇവ സാധാരണമായിരുന്നെങ്കിലും ഇത്ര കണ്ട് പ്രകടമാ‍യിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനമിറങ്ങിയ ‘ബാവുട്ടിയുടെ നാമത്തില്‍’, ‘ടാ തടിയാ’ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണമായെടുത്താല്‍, രണ്ടിലും ഈ പ്രത്യേകത കാണാം. ‘ബാവുട്ടിയുടെ നാമത്തി‘ലില്‍ ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലെ “അനുരാഗത്തിന്‍ വേളയില്‍” എന്ന ഗാനത്തിന്റെ മുക്കാല്‍ ഭാഗവും ഒരു രംഗത്തില്‍ പ്ലേ ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ആഷിഖ് അബുവിന്റെ ‘ടാ തടിയാ’യില്‍ ‘ഉസ്താദ് ഹോട്ടലി’ലെ ജനപ്രിയ ഗാനം പാരഡി ആക്കി ഉപയോഗിച്ചിട്ടുണ്ട്. ‘ടാ തടിയാ’യുടെ പോസ്റ്ററില്‍, സിനിമയിലില്ലാത്ത യുവതാരങ്ങളായ ഫഹദ് ഫാസിലിനെയും ദുല്‍ഖര്‍ സല്‍മാനെയും ഉപയോഗിച്ചതും വിജയം കണ്ടു.

മാര്‍ക്കറ്റിംഗിനായി നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും പുതുതലമുറ സംവിധാ‍യകര്‍ മുന്നില്‍ നില്‍ക്കുന്നു. ഫേസ്ബുക്ക്, യൂട്യൂബ് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളാണ് പ്രധാനമായും ഇതിനാ‍യി ഉപയോഗിക്കുന്നത്. കൂടാതെ പ്രോമൊ സോങ്ങുകളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഇതും പുതുതലമുറ സിനിമകളുടെ മുഖമുദ്രയാവുകയാണ്.