മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങളും കുറ്റാന്വേഷക കഥാപാത്രങ്ങളും എന്നും പ്രേക്ഷകര്‍ക്ക് ഹരമാണ്. ഇതില്‍ സേതുരാമയ്യര്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥനും ഇന്‍സ്പെക്ടന്‍ ബല്‍റാം എന്ന ചൂടന്‍ പൊലീസുകാരനുമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. അവരുടെ നിരയിലേക്ക് മറ്റൊരു കഥാപാത്രത്തെക്കൂടി മമ്മൂട്ടി സംഭാവന ചെയ്യുകയാണ്.
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘പാലേരി മാണിക്യം കൊലക്കേസ്’ എന്ന ചിത്രത്തിലാണ് ഒരു കൊലപാതകക്കേസ് അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തുന്ന കുറ്റാന്വേഷകനായി മമ്മൂട്ടി അഭിനയിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ അഞ്ച് ദശാബ്‌ദങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലക്കേസിന് തുമ്പുണ്ടാക്കുക എന്നതാണ് ഈ കുറ്റാന്വേഷകന്‍റെ ലക്‍ഷ്യം.
ടി പി രാജീവന്‍റെ ആദ്യ നോവലായ ‘പാലേരി മാണിക്യം കൊലക്കേസ്’ ആണ് രഞ്ജിത്തിന്‍റെ സിനിമയ്ക്ക് ആധാരമാകുന്നത്. ഒരു ഡിറ്റക്ടീവ് നോവല്‍ എന്ന അടിക്കുറിപ്പോടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ നോവല്‍, മാണിക്യം എന്ന പെണ്‍കുട്ടിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹതകളാണ് പ്രമേയമാക്കിയത്.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ തിരക്കഥയ്ക്കായി നോവലിന്‍റെ കഥാഘടനയില്‍ വേണ്ടത്ര സ്വാതന്ത്ര്യം രഞ്ജിത് സ്വീകരിച്ചുകൊള്ളാന്‍ നോവലിസ്റ്റ് അനുമതി കൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയൊഴിച്ചാല്‍ ബാക്കി താരങ്ങളെയൊക്കെ നാടകരംഗത്തു നിന്ന് അവതരിപ്പിക്കാനാണ് രഞ്ജിത്തിന്‍റെ തീരുമാനം. നാടകരംഗത്തു നിന്നുള്ള കലാകാരന്‍മാര്‍ക്ക് മുരളീമേനോന്‍റെ നാടകക്കളരില്‍ പരിശീലനം നല്‍കും.
അതിവിദഗ്ധമായി ഇഴചേര്‍ത്ത ഒരു കുറ്റാന്വേഷണ കഥ എന്നതിലുപരി കേരളചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു പ്രമേയം കൂടിയാണ് പാലേരി മാണിക്യം കൊലക്കേസ്.
1957 ല്‍ മാണിക്യം എന്ന ഇരുപതുകാരി മരിക്കുകയും അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം ഒരു കുറ്റാന്വേഷകന്‍ ആ മരണത്തിലെ സത്യങ്ങള്‍ തേടി രംഗത്തെത്തുകയും ചെയ്യുന്ന രീതിയിലാണ് കഥ ആരംഭിക്കുന്നത്. ഈ മരണത്തെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായമായിരുന്നു. ചിലര്‍ പറയുന്നത്, മാണിക്യത്തെ ആരോ കൊന്നതാണെന്നാണ്. എന്നാല്‍ മറ്റു ചിലരുടെ അഭിപ്രായത്തില്‍, മാണിക്യം മരിച്ചത് അപസ്മാര രോഗബാധയെ തുടര്‍ന്നാണ്.
എന്നാല്‍ അഭിപ്രായങ്ങള്‍ മാറിയും മറിഞ്ഞും വന്നു. സാക്ഷികള്‍ ഓരോ സമയവും വ്യത്യസ്തമായ മൊഴികള്‍ നല്‍കി കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. പാലേരി മാണിക്യം കൊലക്കേസിന്‍റെ ഈ സങ്കീര്‍ണാവസ്ഥകളിലൂടെയാണ് രഞ്ജിത് തന്‍റെ ക്യാമറ തിരിക്കുന്നത്.
‘തിരക്കഥ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാലേരിമാണിക്യം കൊലക്കേസ്. അമാനുഷ കഥാപാത്രങ്ങളെ കേന്ദ്രമാക്കി കഥ പറയുന്ന രീതി ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം രഞ്ജിത് തേടുത്ത പുതുവഴികളുടെ തുടക്കമാണ് ഈ സംരംഭമെന്ന് സിനിമാലോകം പ്രതീക്ഷിക്കുന്നു. മാത്രമല്ല, സാഹിത്യകൃതികളില്‍ നിന്ന് പ്രമേയം സ്വീകരിക്കുന്ന പഴയ രീതി വീണ്ടും പരീക്ഷിക്കുന്നതിനും ഈ സിനിമ ആരംഭം കുറിക്കും.