കാര്‍ത്തി ചിത്രത്തില്‍ നിന്ന് മേഘ്ന പിന്‍‌മാറി

Webdunia
ഞായര്‍, 29 ജനുവരി 2012 (11:48 IST)
PRO
PRO
യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ വിനയന്‍ മലയാളത്തില്‍ അവതരിപ്പിച്ച നടിയാണ് മേഘ്ന രാജ്. പിന്നീട് രഘുവിന്റ് സ്വന്തം റസിയ എന്ന ചിത്രത്തിലും മേഘ്ന നായികയായി. പക്ഷേ മലയാളി പ്രേക്ഷകര്‍ക്ക് മേഘ്നയെ ഇഷ്ടമായത് വി കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. കയ്യടക്കത്തോടെ മികച്ച അഭിനയമായിരുന്നു മേഘ്ന ചിത്രത്തില്‍ കാഴ്ച വച്ചത്. ഇതോടെ അഭിനയശേഷിയുള്ള ഒരു നടിയെന്ന പേരും മേഘ്നയ്ക്ക് വന്നു. ആ പേര് നിലനിര്‍ത്താനുള്ള തീരുമാനത്തിലാണ് മേഘ്ന. പ്രാധാന്യമില്ലാത്ത വേഷങ്ങള്‍ സ്വീകരിക്കേണ്ടെന്ന് മേഘ്ന തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് തമിഴിലെ യുവനടന്‍ കാര്‍ത്തിയുടെ ചിത്രം മേഘ്ന വേണ്ടെന്നുവച്ചതും.

കാര്‍ത്തിയെ നായകനാക്കി സുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേഘ്ന ഒരു വേഷം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അനുഷ്കയാണ് നായികയെങ്കിലും ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷമായതിനാലാണ് മേഘ്ന അഭിനയിക്കാന്‍ സമ്മതിച്ചത്. എന്നാല്‍ പിന്നീട് തിരക്കഥയില്‍ മാറ്റങ്ങള്‍ വന്നെന്നും നാല് നായികമാര്‍ ഉണ്ടെന്നും അതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കില്ലെന്നുമാണ് മേഘ്ന പറയുന്നത്.

ഞാന്‍ ഇപ്പോള്‍ പല സിനിമകളിലും നായികാ വേഷം ചെയ്യുകയാണ്. അതിനാല്‍ എന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടെങ്കില്‍ മാത്രമേ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളില്‍ അഭിനയിക്കേണ്ടതുള്ളൂ എന്നാണ് തീരുമാനം. ഇക്കാര്യം സംവിധായകന്‍ സുരാജിനെ അറിയിച്ചിട്ടുണ്ട്- മേഘ്ന പറഞ്ഞു.