കമല്‍ഹാസന്‍റെ നായികയായി വീണ്ടും അമല വരുന്നു. സത്യ, പുഷ്പകവിമാനം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച ഈ ജോഡി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വീണ്ടും ഒന്നിക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമലയാണ് ചിത്രത്തിലെ നായികയെന്ന് കമല്‍ഹാസന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ചിത്രത്തിന് 'അപ്പ അമ്മ വിളയാട്ട്' എന്ന് പേരിട്ടു. 'അമ്മ നാനാ ആതാ' എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. എന്നാൽ മലയാളം ചിത്രത്തിന് പേരിട്ടിട്ടില്ല.
രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ട്. രാജീവ്കുമാറിന്‍റെ ആദ്യചിത്രമായ ചാണക്യനില്‍ കമല്‍ഹാസന്‍ നായകനായിരുന്നു. അതിന് ശേഷം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജീവ്കുമാറും കമലും ഒന്നിക്കുന്നത്.
ചാണക്യനിലാണ് കമല്‍ഹാസനൊപ്പം ജയറാം ആദ്യമായി അഭിനയിക്കുന്നത്. അതേ ടീമിനെ വീണ്ടും കൊണ്ടുവന്ന് ഒരു വലിയ ഹിറ്റുകൂടി സമ്മാനിക്കാനാണ് രാജീവ് കുമാറിന്‍റെ ശ്രമം. ഒപ്പം അമല കൂടിയാകുമ്പോള്‍ തമിഴ് പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷം. മാത്രമല്ല, കമൽ സിനിമകളിലെ മറ്റൊരു നായികാസാന്നിധ്യമായിരുന്ന സറീനാ വഹാബും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
തെനാലി, പഞ്ചതന്ത്രം, നളദമയന്തി, ഉത്തമവില്ലന്‍ എന്നീ തമിഴ് ചിത്രങ്ങളിലും കമല്‍ഹാസനും ജയറാമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്(നളദമയന്തിയില്‍ ജയറാമും കമലും അതിഥികളായിരുന്നു). ജയറാം നായകനായ ഫോര്‍ ഫ്രണ്ട്സ് എന്ന മലയാളചിത്രത്തില്‍ കമല്‍ഹാസന്‍ അതിഥിതാരമായും അഭിനയിച്ചിട്ടുണ്ട്.
മഹാനഗരം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, കണ്ണെഴുതി പൊട്ടുംതൊട്ട്, ശേഷം, ഇവര്‍, സീതാ കല്യാണം, ഒരുനാള്‍ വരും, രതിനിര്‍വേദം തുടങ്ങിയവയാണ് ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.