ഇനി കുറച്ചുകാലം അവര്‍ ദിലീപിന് മാത്രം സ്വന്തം!

Webdunia
ചൊവ്വ, 21 മെയ് 2013 (18:39 IST)
PRO
ഉദയ്കൃഷ്ണയും സിബി കെ തോമസും ദിലീപിന്‍റെ സ്വന്തം തിരക്കഥാകൃത്തുക്കളായിരുന്നു. എന്നാല്‍ ‘ട്വന്‍റി20’യോടെ കഥ മാറി. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരായി അവര്‍ മാറി. ഏറ്റവും താരമൂല്യമുള്ള എഴുത്തുകാരും അവര്‍ തന്നെ.

മായാമോഹിനി വന്‍ ഹിറ്റായെങ്കിലും കഴിഞ്ഞ രണ്ടു പടങ്ങള്‍, മിസ്റ്റര്‍ മരുമകനും കമ്മത്ത് ആന്‍റ് കമ്മത്തും വേണ്ട രീതിയില്‍ വിജയമായില്ല എന്നത് ഉദയ്കൃഷ്ണയ്ക്കും സിബി കെ തോമസിനും ക്ഷീണമുണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ ഇനി ചുവടുവച്ചാല്‍ മതിയെന്നാണ് അവരുടെ തീരുമാനം.

മറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ നിന്ന് അകന്നുനിന്ന് കുറച്ചുകാലം ദിലീപിന് മാത്രം സിനിമയെഴുതി നല്‍കാനാണ് ഉദയ്കൃഷ്ണയും സിബിയും തീരുമാനിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നാല് ദിലീപ് സിനിമകളുമായാണ് ഇവര്‍ സഹകരിക്കുന്നത്. അതില്‍ ഒന്ന് നിര്‍മ്മിക്കുന്നതും ഇവര്‍ തന്നെ.

ദിലീപിന്‍റെ ഓണച്ചിത്രം എഴുതുന്നത് സിബിയും ഉദയനുമാണ്. ജോസ് തോമസാണ് സംവിധാനം. അങ്ങനെ ഓണക്കാലത്ത് ‘മായാമോഹിനി’ ടീം വീണ്ടും വരുന്നു. അതിന് ശേഷം ജോഷിക്ക് വേണ്ടി ‘വാളയാര്‍ പരമശിവം’ ചെയ്യും. ജോഷിയുടെ തന്നെ ‘സദ്ദാം ശിവന്‍’ എന്ന ദിലീപ് ചിത്രം നിര്‍മ്മിക്കുന്നതും ഉദയനും സിബിയുമാണ്.

അടുത്തവര്‍ഷം ആദ്യം ‘ഗുണ്ടാമാസ്റ്റര്‍’ എന്ന ദിലീപ് ചിത്രത്തിന് സിബിയും ഉദയനും തിരക്കഥ രചിക്കും. ജോണി ആന്‍റണിയായിരിക്കും സംവിധായകന്‍.