അല്‍ഫോണ്‍സ് പുത്രന്‍റെ പുതിയ സിനിമയില്‍ നായകന്‍ മമ്മൂട്ടിയല്ല!

Webdunia
ചൊവ്വ, 29 ഡിസം‌ബര്‍ 2015 (20:17 IST)
നേരം, പ്രേമം - രണ്ട് മെഗാഹിറ്റുകള്‍. അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്‍ മലയാളത്തിലെയും തമിഴിലെയും ഏറ്റവും താരമൂല്യമുള്ള സംവിധായകരുടെ നിരയിലാണ് ഇടം പിടിച്ചിരിക്കുന്നത്. പ്രേമം ആഗോള ഹിറ്റായതോടെ അല്‍ഫോണ്‍സിന്‍റെ അടുത്ത സിനിമ ഏതായിരിക്കുമെന്നും ആരായിരിക്കും നായകനെന്നും ഉള്ള അന്വേഷണം ഏറെ നാള്‍ മുമ്പുതന്നെ ആരംഭിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കിയാണ് അല്‍ഫോണ്‍സ് തന്‍റെ ആടുത്ത സിനിമ ഒരുക്കുന്നതെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു.
 
എന്നാല്‍ പുതിയ വിവരം അനുസരിച്ച് അല്‍ഫോണ്‍സ് പുത്രന്‍റെ പുതിയ സിനിമയില്‍ നായകന്‍ മമ്മൂട്ടിയല്ല. അത് ആരും പ്രതീക്ഷിക്കാത്ത ഒരാളാണ്. തമിഴിലെ യുവതാരം അരുണ്‍ വിജയ് ആണ് അല്‍ഫോണ്‍സിന്‍റെ അടുത്ത സിനിമയില്‍ നായകനാകുന്നത്. ഇതൊരു തമിഴ് - മലയാളം പ്രൊജക്ടായിരിക്കും.
 
ഒട്ടേറെ തമിഴ് ചിത്രങ്ങളില്‍ നായകനായിട്ടുള്ള താരമാണ് അരുണ്‍ വിജയ്. എങ്കിലും മലയാളത്തിലെ ഉള്‍പ്പടെയുള്ള പ്രേക്ഷകര്‍ക്ക് ഈ നടനെ അറിയുക ‘യെന്നൈ അറിന്താല്‍’ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ വിക്ടറിലൂടെയായിരിക്കും. യെന്നൈ അറിന്താലിലെ വില്ലന്‍ ഹിറ്റായതോടെ അരുണ്‍ വിജയിന്‍റെ നല്ലകാലം തുടങ്ങിയെന്ന് പറയാം.
 
പാണ്ഡവര്‍ ഭൂമി, തവം, വേദ, മാലൈ മാലൈ, മഞ്ചാ വേലു, തടൈയറ താക്ക, വാ ഡീല്‍ തുടങ്ങിയവയാണ് അരുണ്‍ വിജയ് അഭിനയിച്ച പ്രധാന തമിഴ് ചിത്രങ്ങള്‍.