രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്‍ തമ്പി, ബ്രിഡ്ജ്, ഉസ്താദ് ഹോട്ടല്‍ - അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇവ. ഇതില്‍ ‘ബ്രിഡ്ജ്’ ഒരു ലഘുചിത്രമാണ്. ‘കേരളാ കഫെ’ ആന്തോളജിയിലെ ഏറ്റവും മികച്ച ചിത്രമായി പ്രകീര്‍ത്തിക്കപ്പെട്ട സിനിമ.
തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ സംവിധായകന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് ‘ആമി’. ഫഹദ് ഫാസില്‍, ഹണി റോസ്, അഷ്മിത സൂദ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. അമല്‍ നീരദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
‘ബ്രിഡ്ജ്’ പോലെ ‘ആമി’യും അരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രമാണ്. ‘അഞ്ച് സുന്ദരികള്‍’ എന്ന ആന്തോളജിയിലെ ഒരു സിനിമ. ജൂണ്‍ 14ന് അഞ്ച് സുന്ദരികള്‍ പ്രദര്‍ശനത്തിനെത്തുകയാണ്.
ആഷിക് അബുവിന്‍റെ ‘ഗൌരി’, സമീര്‍ താഹിറിന്‍റെ ‘ഇഷ’, ഷൈജു ഖാലിദിന്‍റെ ‘സേതുലക്ഷ്മി’, അമല്‍ നീരദിന്‍റെ ‘കുള്ളന്‍റെ ഭാര്യ’ എന്നിവയാണ് അഞ്ച് സുന്ദരികളിലെ മറ്റ് ചിത്രങ്ങള്‍.
ബിജുമേനോന്‍, കാവ്യാ മാധവന്‍, നിവിന്‍ പോളി, ഇഷാ ഷെര്‍വാണി, ദുല്‍ക്കര്‍ സല്‍മാന്‍, റീനു മാത്യൂസ് എന്നിവരും അഞ്ച് സുന്ദരികളിലെ താരങ്ങളാണ്. അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രം പൃഥ്വിരാജിന്‍റെ ഓഗസ്റ്റ് സിനിമയാണ് വിതരണത്തിനെത്തിക്കുന്നത്.