അതുവെറുതെയാണ്, വൈറ്റിന്‍റെ ഡിവിഡി റിലീസ് ചെയ്തിട്ടില്ല; നടന്നത് മമ്മൂട്ടിച്ചിത്രത്തിനെതിരായ നീക്കം!

തിങ്കള്‍, 8 ഓഗസ്റ്റ് 2016 (15:45 IST)
മമ്മൂട്ടിച്ചിത്രമായ ‘വൈറ്റ്’ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. സിനിമ ഹിറ്റാകുന്നതും തകരുന്നതുമൊന്നും പുതിയ കാര്യമല്ല. ബോക്സോഫീസില്‍ മൂക്കും കുത്തി വീഴുന്ന സിനിമകളില്‍ പലതും മോശം സിനിമകളുമല്ല. വിജയവും പരാജയവുമൊക്കെ ആര്‍ക്കും പ്രവചിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത വിധിയാണ്.
 
‘വൈറ്റ്’ സിനിമയുടെ ഡി‌വിഡി ഇറങ്ങി എന്നതായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വലിയ വാര്‍ത്ത. ഡി വി ഡിയുടെ ചിത്രം ഉള്‍പ്പടെ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പ്രചരണം. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമായ വാര്‍ത്തയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
 
വൈറ്റിന്‍റെ ഡി വി ഡി ഇറങ്ങിയിട്ടില്ല. സിനിമ റിലീസായത് ജൂലൈ 29നാണ്. റിലീസായി ഏഴ് ദിവസത്തിനകം ഡി വി ഡി പുറത്തിറങ്ങിയെന്നായിരുന്നു പ്രചരണം. എന്നാല്‍ അങ്ങനെയൊരു കാര്യം നടന്നിട്ടില്ല. വൈറ്റ് സിനിമയുടെ ഓഡിയോ സിഡിയുടെ കവറാണ് ഡിവിഡി എന്ന രീതിയില്‍ പ്രചരിപ്പിച്ചത്.
 
മലയാളസിനിമയിലെ താരങ്ങളുടെ ഫാന്‍സുകള്‍ തമ്മിലുള്ള തീര്‍ത്തും അപക്വമായ തമ്മിലടിയുടെ തെളിവാണ് ഈ സംഭവം. മമ്മൂട്ടിയുടെ വൈറ്റിനെ കൂടുതല്‍ ഇകഴ്ത്തിക്കാണിക്കാനുള്ള ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക