എറണാകുളം- ഷൊര്‍ണൂര്‍ മൂന്നാം ലൈനിന് 12,000 കോടി രൂപ നിര്‍മാണ ചെലവുള്ള ഡിപിആര്‍ തയ്യാറായി. പുതിയ പദ്ധതികള്‍ 160 കിലോമീറ്റര്‍ വേഗത്തിലാകണമെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ നയം. ഈ രീതിയില്‍ ലൈന്‍ നിര്‍മിക്കാനാണ് 12,000 കോടി രൂപ കണക്കാക്കിയിട്ടുള്ളത്. റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗമാണ് ഡിപിആര്‍ തയ്യാറാക്കിയത്. ലൊക്കേഷന്‍ സര്‍വേയും അലൈന്മെന്റും നേരത്തെ കഴിഞ്ഞിരുന്നു.
അതേസമയം പദ്ധതിയുടെ നിര്‍മാണതുക കണക്കിലെടുക്കുമ്പോള്‍ അത്രയും വരുമാനം യാത്രാക്കൂലി ഇനത്തില്‍ കിട്ടില്ലെന്നാണ് റെയില്‍വേയുടെ നിഗമനം. അങ്ങനെയെങ്കില്‍ റെയില്‍വേ ബോര്‍ഡ് അംഗീകാരം പ്രതീക്ഷിക്കേണ്ടതില്ലെന്നും റെയില്‍വേ ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. ട്രെയിനുകളുടെ വേഗത കൂട്ടാനുള്ള പദ്ധതി റെയില്‍വേയുടെ ചെലവിലാണ് നടപ്പിലാക്കുന്നത്. ഒട്ടേറെ വളവും തിരുവുമുള്ള എറണാകുളം- ഷൊര്‍ണൂര്‍ ലൈനിന് അടുത്തായി പുതിയ ലൈന്‍ നിര്‍മിച്ചാലും വേഗത കൂട്ടാനാകില്ല. അതിനാല്‍ പരമാവധി നേരെയായാണ് പുതിയ ട്രാക്ക് ഉദ്ദേശിക്കുന്നത്.
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ലൈനിലുണ്ടാവും. ഇതിനായി 250 ഹെക്ടറോളം സ്ഥലമാണ് ആവശ്യമായി വരിക.