അജിത് ചിത്രത്തിന് പേരിട്ടു - ‘ആരംഭം’

Webdunia
ബുധന്‍, 24 ജൂലൈ 2013 (20:56 IST)
PRO
വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന അജിത് ചിത്രത്തിന് ‘ആരംഭം’ എന്ന് പേരിട്ടു. എ എം രത്നം നിര്‍മ്മിക്കുന്ന ആരംഭം ഒരു ആക്ഷന്‍ ത്രില്ലറാണ്. നയന്‍‌താരയാണ് ഈ ചിത്രത്തിലെ നായിക.

ഈ സിനിമയുടെ ചിത്രീകരണം നീളുന്നതും ചിത്രം പ്രദര്‍ശനത്തിനെത്താന്‍ വൈകുന്നതും സിനിമയുടെ പേരുപോലും പ്രഖ്യാപിക്കാത്തതും തല അജിത്തിന്‍റെ ആരാധകരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ സംവിധായകന്‍ വിഷ്ണുവര്‍ദ്ധനെതിരെ ആരാധകരുടെ കടുത്ത വിമര്‍ശനമാണ് ഉണ്ടായത്.

‘വലൈ’ എന്ന് ഈ സിനിമയ്ക്ക് പേരിട്ടതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് സംവിധായകനും നിര്‍മ്മാതാവും നിഷേധിച്ചു. തന്‍റെ താരപദവിയെ സൂചിപ്പിക്കുന്ന പേരുകളൊന്നും സിനിമയ്ക്ക് വേണ്ടെന്ന നിര്‍ദ്ദേശം അജിത് നല്‍കിയിരുന്നു. ഒടുവില്‍ സിനിമയ്ക്ക് ‘ആരംഭം’ എന്ന് പേരിട്ടിരിക്കുകയാണ്.

സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ ‘ആരംഭം’ റിലീസ് ചെയ്യാനാണ് എ എം രത്നം ശ്രമിക്കുന്നത്. അറിന്തും അറിയാമലും, പട്ടിയല്‍, ബില്ല തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിഷ്ണുവര്‍ദ്ധന്‍.

അതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അജിത് ചിത്രത്തിന്‍റെ ഷൂട്ടിംഗ് അണിയറയില്‍ പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം പൊങ്കല്‍ റിലീസാണ് ആ സിനിമ.