അങ്ങനെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും പാട്ടുക്കാരനായി

Webdunia
വ്യാഴം, 23 മെയ് 2013 (14:38 IST)
PRO
PRO
സ്‌റ്റൈല്‍ മന്നന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തന്റെ പുതിയ പടമായ കൊച്ചടിയാന്റെ ഹിന്ദിപതിപ്പില്‍ ആദ്യമായൊരു ഹിന്ദി ഗാനം ആലപിച്ചു. ഏ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള തമിഴ് ഗാനത്തിന്റെ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയ വരികളാണ് രജനി പാടിയത്. വൈരമുത്തു രചിച്ച വരികള്‍ ഇര്‍ഷാദ് കാമിലാണ് ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തത്.

തമിഴ് പതിപ്പിലെ ഗാനവും രജനികാന്ത് തന്നെയാണ് പാടിയത്. രജനികാന്തിന്റെ മകള്‍ സൌന്ദര്യയാണ് കൊച്ചടിയാന്‍ സംവിധാനം ചെയ്തത്. ദീപിക പദുക്കോണാണ് രജനികാന്തിന്റെ നായികയായിയെത്തുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.എസ്. രവികുമാറാണ്. ജൂണില്‍ പടം പുറത്തിറങ്ങുമെന്നാണ് കരുത്തുന്നത്.

ചിത്രം കാണാന്‍ രജനികാന്ത് നടനവിസ്മയം കമല്‍ ഹാസനെ ക്ഷണിച്ചിരുന്നു. കമല്‍ ഹാസന്റെ അഭിപ്രായമറിഞ്ഞതിന് ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തുകയും റിലീസിങ് ഡേറ്റ് നിശ്ചയിക്കുകയും ചെയ്യും. ചലച്ചിത്രമേഖലയെപ്പറ്റി ആഴത്തില്‍ പാണ്ഡിത്യമുള്ള കമല്‍ഹാസന്‍ തന്നെയാണ് തന്റെ ചിത്രം വിലയിരുത്താന്‍ യോഗ്യനെന്നാണ് രജനികാന്തിന്റെ അഭിപ്രായം.

രജനികാന്തിന്റെ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് കൊച്ചടിയാന്‍. അതുകൊണ്ടു തന്നെയാണു രജനികാന്തിന് തന്റെ പടത്തിനു ഇത്രയ്ക്ക് ആശങ്കയും.