എം ടിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാലും മമ്മൂട്ടിയും

കെ ആര്‍ അനൂപ്
ബുധന്‍, 15 ജൂലൈ 2020 (16:48 IST)
മലയാളത്തിൻറെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് എണ്‍‌പത്തേഴാം പിറന്നാൾ. മോഹൻലാലും മമ്മൂട്ടിയും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. വർഷങ്ങൾക്കു മുമ്പുള്ള ഒരു ഓർമചിത്രം സഹിതമാണ് മോഹൻലാൽ മലയാളത്തിൻറെ പ്രിയ എഴുത്തുകാരന് ആശംസകൾ  നേർന്നത്.
 
“ബഹുമാനപ്പെട്ട എം ടി സാറിന് എൻറെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ”- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
 
എംടിയും മോഹൻലാലും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.  സദയം, താഴ്‌വാരം, അമൃതം ഗമയ, അഭയം തേടി, രംഗം, ഇടനിലങ്ങള്‍, അനുബന്ധം, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍ തുടങ്ങിയവയാണ് എം ടി എഴുതിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍.
 
"പ്രിയ എം ടി സാറിന് ജന്മദിനാശംസകൾ" - എന്നാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്. അടുത്ത കാലത്ത് ഒരുമിച്ചെടുത്ത ഒരു ചിത്രവും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. മമ്മൂട്ടി എന്നും സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് എം ടി. അദ്ദേഹത്തിന്‍റെ നോവലുകളിലെ കഥാപാത്രങ്ങളെ മുന്‍‌പ് പലപ്പോഴും കണ്ണാടിക്ക് മുന്നില്‍ അവതരിപ്പിച്ചുനോക്കാറുണ്ടായിരുന്നത് മമ്മൂട്ടി ഇപ്പോഴും പറയുന്ന ഒരു കാര്യമാണ്. 
 
ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ, സുകൃതം, മിഥ്യ, ഉത്തരം, കൊച്ചു തെമ്മാടി, ഇടനിലങ്ങള്‍, അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, അക്ഷരങ്ങള്‍ എന്നിവയാണ് എം ടിയുടെ രചനയില്‍ മമ്മൂട്ടി അഭിനയിച്ച സിനിമകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article