ഹരിത നായകന്‍- വേണുനാഗവള്ളി

Webdunia
PRO
ഗായകനായി തുടങ്ങി നടനായി വളര്‍ന്ന വേണു നാഗവള്ളി തിരക്കഥകാരനും സംവിധായകനുമായാണ് ഏറെ ശോഭിച്ചത്.

മലയാളത്തിലെ ഒരുപിടി നല്ല ചിത്രങ്ങളുണ്ട് വേണുവിന്‍റെ വകയായി. കൈരളി ടി.വിയിലും കുറെക്കാലം വേണു പ്രവര്‍ത്തിച്ചിരുന്നു. വേണു നാഗവള്ളിയുടെ പിറന്നാളാണ് ഏപ്രില്‍ 16ന്.

കുട്ടനാടിന്‍റെ മണമുണ്ട് വേണു നാഗവള്ളിയുടെ മിക്ക ചിത്രങ്ങള്‍ക്കും. ചിലവയ്ക്ക് കോളജ് കാമ്പസുകളുടെ ഹരമാണ് . ചിലവയ്ക്ക് ഇന്‍ക്വിലാബിന്‍റെ വീറും.

പ്രമുഖ സാഹിത്യകാരന്‍ നാഗവള്ളി ആര്‍.എസ്. കുറുപ്പിന്‍റെയും രാജമ്മയുടേയും രണ്ടാമത്തെ മകനാണ് വേണു നാഗവള്ളി. ആലപ്പുഴ രാമങ്കരിയില്‍ 1949 ഏപ്രില്‍ 16നാണ് ജനനം. പൊലീസ് കമ്മീഷണായിരുന്ന സത്യവാന്‍ ഗോപാല പിള്ള മുത്തച്ഛനാണ്

തിരുവനന്തപുരം മോഡല്‍ സ്കൂള്‍, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ആകാശവാണിയില്‍ വേണുവിന് ജോലി കിട്ടി.

1979 ല്‍ കെ.ജി. ജോര്‍ജ്ജിന്‍റെ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ശോഭയോടൊപ്പം അഭിനയിച്ച് വേണു യുവാക്കളുടെ ഹരമായി മാറി. അക്കലത്തെ ഹരിതനായകനായിരുന്നു വേണു -ഒരു നിരാശാ കാമുകന്‍

ചില്ല്, ശാലിനി എന്‍റെ കൂട്ടുകാരി, അര്‍ച്ചന ടീച്ചര്‍, ദേവദാസ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പിന്നീട് അഭിനയിച്ചു.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സുഖമോ ദേവി എന്ന ചിത്രത്തിലൂടെയാണ് വേണു സംവിധായകനാവുന്നത്.

പിന്നെ സര്‍വ്വകലാശാല, അയിത്തം, ഏയ് ഓട്ടോ, ലാല്‍സലാം, കിഴക്കുണരും പക്ഷി, ആയിരപ്പറ, കളിപ്പാട്ടം, അഗ്നിദേവന്‍, രക്തിസാക്ഷികള്‍ സിന്ദാബാദ് തുടങ്ങി പതിനഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ഇവയില്‍ പലതിന്‍റേയും തിരക്കഥയും വേണുവിന്‍റേതാണ്. മെഗാഹിറ്റ് സിനിമയായ കിലുക്കത്തിന്‍റെയും അഹം, അര്‍ത്ഥ എന്നീ സിനിമയുടെയും തിരക്കഥ വേണു രചിച്ചതാണ്.

അടുത്തകാലത്ത് ഒട്ടേറെ ടി.വി. സീരിയലുകളില്‍ അഭിനയിച്ചു. മീനയാണ് ഭാര്യ. സച്ചിന്‍ മകന്‍.