സുഹാസിനിയെ പോലെ ചിരിക്കുക എന്നത് എണ്‍പതുകളില്‍ മലയാളി സുന്ദരിമാരുടെ മോഹമായിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന ആഗസ്‌റ്റ് 15ന് തെന്നിന്ത്യയെ മോഹിപ്പിച്ച ആ ചിരിയുടെ ഉടമയ്‌ക്ക് 47 വയസ് തികയുന്നു.
‘യൂണിവേഴ്‌സല്‍ ഹീറോ’ കമലാഹാസന്‍റെ സഹോദരനും നടനുമായ ചാരുഹാസന്‍റെ മകളും ചലച്ചിത്രകാരനായ മണിരത്‌നത്തിന്‍റെ ഭാര്യയുമായ സുഹാസിനി പരിശീലനം സിദ്ധിച്ച ഛായാഗ്രാഹക കൂടിയാണ്. തമിഴില്‍മാത്രമല്ല തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നഡയിലും നടി എന്ന നിലയില്‍ സ്വന്തം വ്യക്തിമുദ്രപതിപ്പിക്കാന്‍ സുഹാസിനിക്ക് കഴിഞ്ഞിട്ടുണ്ട്.
മണിരത്‌നം ചിത്രങ്ങളിലെ സംഭാഷണ രചനയിലും സുഹാസിനിയുടെ പങ്കാളിത്തം ഉണ്ട്. വസ്‌ത്രവിധാനത്തിലും മേയ്‌ക്ക് അപ്പിലുമുള്ള സുഹാസിനിയുടെ പ്രാവീണ്യത്തിന് സഹതാരങ്ങളായ രാധികയും സുമലതയും ശ്രീദേവിയും എല്ലാം സാക്‍ഷ്യം പറയാറുണ്ട്.
മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ആദ്യ വനിത വിദ്യാര്‍ത്ഥിയായിരുന്നു സുഹാസിനി. ‘നെഞ്ചത്തെ കിള്ളാതെ‘ (1980) എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.
കെ ബാലചന്ദറിന്‍റെ ‘സിന്ധുഭൈരവി’യിലൂടെ 1986ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. പത്മരാജന്‍റെ ‘കൂടെവിടെ’ (1983)യിലൂടെയാണ് സുഹാസിനി മലയാളത്തില്‍ എത്തുന്നത്. എണ്‍പതുകളില്‍ മമ്മൂട്ടി-സുഹാസിനി കൂട്ടുകെട്ട് മലയാളത്തിന്‍റെ വിജയ ഫോര്‍മുലയായിരുന്നു.
ഇന്ദിര (1996) സുഹാസിനിയുടെ കന്നി സംവിധാന സംരഭമായിരുന്നു. ജയ ടിവിയില്‍ സുഹാസിനി അവതരിപ്പിക്കുന്ന ‘ഹാസിനി പേശും പടം’ ഏറെ പ്രേക്ഷകരുള്ളു സിനിമാ പരിപാടിയാണ്.