കോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ കെ വി ആനന്ദിന്‍റെ അടുത്ത ചിത്രത്തില്‍ രജനീകാന്ത് നായകനാകും എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സൂപ്പര്‍സ്റ്റാറിനെ നായകനാക്കി ഒരു സിനിമ ആലോചിക്കുന്നില്ലെന്ന് ആനന്ദ് പിന്നീട് വ്യക്തമാക്കിയിരുന്നു. രണ്ടിലധികം തിരക്കഥകളുടെ ജോലികള്‍ നടക്കുകയാണെന്നും അതില്‍ ആദ്യം പൂര്‍ത്തിയാകുന്ന തിരക്കഥയ്ക്ക് യോജിച്ച അഭിനേതാവിനെ നായകനാക്കുമെന്നും ആനന്ദ് പറഞ്ഞിരുന്നു.
എന്തായാലും കെ വി ആനന്ദ് തന്‍റെ അടുത്ത പ്രൊജക്ടിലെ നായകനെ കണ്ടെത്തി. രജനീകാന്തല്ല, അദ്ദേഹത്തിന്‍റെ മരുമകന്‍ ധനുഷാണ് നായകന്‍.
“ഞാന്‍ ആനന്ദ് സാറിനൊപ്പം ഒരു സിനിമ ചെയ്യുന്നു. മറ്റ് സാങ്കേതികവിദഗ്ധരെയും താരങ്ങളെയുമൊന്നും തീരുമാനിച്ചിട്ടില്ല. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും” - ധനുഷ് അറിയിച്ചു.
കനാക്കണ്ടേന്‍, അയന്‍, കോ, മാറ്റ്‌റാന്‍ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ഏറ്റവും ജനപ്രീതിയുള്ള സംവിധായകനാണ് കെ വി ആനന്ദ്. മലയാളത്തില്‍ തേന്‍മാവിന്‍ കൊമ്പത്ത് ഉള്‍പ്പടെയുള്ള പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.
വാല്‍ക്കഷണം: ധനുഷിന് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും നല്ല കാലമാണ്. ഭരത്ബാലയുടെ ‘മരിയാന്‍’ എന്ന സിനിമ റിലീസിന് കാത്ത് നില്‍ക്കുന്നു. ആദ്യ ഹിന്ദിച്ചിത്രം ‘രാഞ്ജനാ’ ജൂണ്‍ 21ന് പുറത്തിറങ്ങും. സര്‍ഗുണം സംവിധാനം ചെയ്യുന്ന ‘നെയ്യാണ്ടി’ എന്ന കോമഡിച്ചിത്രത്തിലും ധനുഷാണ് നായകന്‍.