മരണത്തിന്‍റെ നിശബ്ദതയിലേക്ക് ജിയയും!

Webdunia
ചൊവ്വ, 4 ജൂണ്‍ 2013 (15:58 IST)
PRO
ജിയ! അങ്ങനെതന്നെയായിരുന്നു ‘നിശബ്ദ്’ എന്ന ചിത്രത്തില്‍ ജിയാ ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് രാം ഗോപാല്‍ വര്‍മ പേര് നല്‍കിയത്. ജിയ എന്ന കഥാപാത്രം ഒരു തെറിച്ച പെണ്ണായിരുന്നു. അവള്‍ സ്വന്തം കൂട്ടുകാരിയുടെ പിതാവിനെ കാമുകനാക്കി!

‘He is 60. She is 18' എന്ന ടാഗ് ലൈനുമായി എത്തിയ നിശബ്ദ് ജിയാ ഖാന്‍ എന്ന നടിയുടെ ശരീര സൌന്ദര്യം ആവോളം വില്‍പ്പനയ്ക്ക് വച്ച സിനിമയായിരുന്നു. ജിയയുടെ അര്‍ദ്ധനഗ്നമേനിയുടെ ആകര്‍ഷണവലയത്തില്‍ പെട്ടാണ് യുവാക്കളില്‍ ഭൂരിഭാഗവും നിശബ്ദ് കാണാന്‍ തള്ളിക്കയറിയത്. ആ സിനിമ 2007ലാണ് സംഭവിച്ചത്. ആറ്‌ വര്‍ഷങ്ങള്‍ക്കിപ്പുറം, 2013ല്‍ ചേതനയറ്റ ശരീരമായി ജിയാ ഖാന്‍ എന്ന നടി ജൂഹുവിലെ വസതിയില്‍ ഒരു മുറിയില്‍ തൂങ്ങിയാടി.

‘എന്ത്....!!! ജിയാ ഖാന്‍??? എന്താണ് സംഭവിച്ചത്? കേട്ടത് ശരിയാണോ? വിശ്വസിക്കാനാവുന്നില്ല!!!” - അമിതാഭ് ബച്ചന്‍ തന്‍റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. അതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല സിനിമാലോകത്തെ പല പ്രമുഖരുടെയും പ്രതികരണം. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. കാരണം, ജിയാ ഖാന്‍ എന്ന പെണ്‍കുട്ടി നായികയാകുന്ന ഒട്ടേറെ സിനിമകളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. ആത്‌മഹത്യ ചെയ്യാന്‍ മാത്രം ഒരു വലിയ കാരണം ജിയയുടെ മുന്നില്‍ ഉണ്ടായിരുന്നില്ല എന്ന് അടുത്തറിയുന്നവര്‍ പറയുന്നു.

വലിയ സിനിമകളിലായിരുന്നു ജിയാ ഖാന്‍ എന്നും സഹകരിച്ചത്. ഷാരുഖ് ഖാനൊപ്പം ദില്‍‌സേ, അമിതാഭ് ബച്ചനൊപ്പം നിശബ്ദ്, ആമിര്‍ഖാനൊപ്പം ഗജിനി, അക്ഷയ് കുമാറിനൊപ്പം ഹൌസ്ഫുള്‍. ഒരുപാട് വലിയ സിനിമകളില്‍ ഇനിയും അഭിനയിക്കാനുള്ള സാധ്യതകളുമുണ്ടായിരുന്നു.
PRO


ജിയയുടെ സ്ഥായീഭാവമായ വിഷാദം അവരുടെ മനസിന്‍റെ പ്രതിഫലനമാണെന്നാണ് ചില അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി അവര്‍ തീര്‍ത്തും തകര്‍ന്ന നിലയിലായിരുന്നുവത്രെ. ഒരു പ്രണയപരാജയമാണ് ജിയയെ കടുത്ത ദുഃഖത്തിലാക്കിയത്. ആദിത്യ പഞ്ചോളിയുടെ മകന്‍ സൂരജ് പഞ്ചോളിയുമായി ജിയ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. എന്നാല്‍ അടുത്തകാലത്തായി സൂരജ് ജിയയില്‍ നിന്ന് അകന്നു. ഈ സംഭവത്തില്‍ ജിയ വലിയ മാനസിക വിഷമത്തിലായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ജിയ സൂരജിനെ ഫോണില്‍ വിളിച്ചിരുന്നു എന്നാണ് അറിയുന്നത്.

ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഒരു താരസുന്ദരി ബോളിവുഡിനെ നടുക്കിക്കൊണ്ട് ഇല്ലാതായിരിക്കുകയാണ്. എന്താണ് ആ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം? പ്രണയത്തകര്‍ച്ച തന്നെയാണോ? വരും നാളുകള്‍ അതിന് ഉത്തരം കണ്ടെത്തുമെന്ന് കരുതാം.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്