ബാലന്‍ കെ: കരുത്തുറ്റ നടനവൈഭവം

Webdunia
FILEFILE
ബാലന്‍ കെ നായര്‍ മലയാള സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നും വിട പറഞ്ഞിട്ട് ഓഗസ്റ്റ് 27ന് 7 വര്‍ഷം തികയുന്നു.

ബാലന്‍ കെ നായരുടെ മുഖം തിരശ്ശീലയില്‍ തെളിയുമ്പോള്‍ ചകിതരാവുന്ന പ്രേക്ഷകര്‍ മലയാള സിനിമയ്ക്കുണ്ടായിരുന്ന കാലത്തും സവിശേഷമായ പ്രതിഭ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞ സംവിധായകര്‍ കുറവായിരുന്നു.

എന്നാല്‍ തിരിച്ചറിവിന്‍റെ നിമിഷത്തില്‍ മലയാളത്തിനു ലഭിച്ചത് ഓപ്പോള്‍ എന്ന ഉജ്ജ്വല ചിത്രമായിരുന്നു. കോഴിക്കോട് നഗരത്തിലും ഗ്രാമങ്ങളിലും നാടകം നല്‍കിയ ഊര്‍ജ്ജം, മലയാള സിനിമയ്ക്ക് ബാലന്‍ കെ നായര്‍ പകര്‍ന്നു നല്കി.

FILEFILE
മലയള സിനിമയുടെ സുവര്‍ണനാളുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന എണ്‍പതുകളില്‍ അഭ്രപാളിയില്‍ അഭിനയ മുഹൂര്‍ത്തങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ് ഓപ്പോള്‍. എം.ടി വാസുദേവന്‍നായരുടെ ശക്തമായ തിരക്കഥയിലൂടെ കെ.എസ്. സേതുമാധവന്‍ ഓപ്പോളിനെ അനശ്വരമാക്കി.

ബാലന്‍ കെ നായര്‍ ഓപ്പോളില്‍ അവതരിപ്പിച്ച വിമുക്തഭടന്‍റെ ജീവസ്സുറ്റ കഥാപാത്രം ദേശീയ തലത്തില്‍ ഏറ്റവും നല്ല അഭിനയപ്രകടനത്തിനും സാക്‍ഷ്യം വഹിച്ചു. അതോടെ വില്ലന്‍ കഥാപാത്രമെന്നാല്‍ ബാലന്‍ കെ. നായരാണെന്ന സങ്കല്‍പവും മാറ്റിയെഴുതപ്പെട്ടു. ഒരു മധ്യവയ്സകന്‍റെയും കൗമാരക്കാരിയായ പെണ്‍കുട്ടിയുടെയും നൊമ്പരപ്പെടുത്തുന്ന കഥ മലയാള പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഭരത് പുരസ്കാരം ഒരിക്കല്‍കൂടി മലയാളത്തിന്‍റേതായി മാറിയ സന്ദര്‍ഭമായിരുന്നു അത്.

ഓപ്പോളിനുശേഷം വില്ലന്‍ കഥാപാത്രങ്ങളിലേയ്ക്ക് ബാലന്‍ കെ നായര്‍ തിരിച്ചുപോയി. അത്തരമൊരു ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് നടന്‍ ജയന്‍റെ അപകടമരണം. ജയന്‍റെ മരണത്തിനു പിന്നിലെ ദുരൂഹത കുറച്ചുനാള്‍ ബാലന്‍ കെ. നായരെ സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ വിചാരണക്കു വിധേയനാക്കി. എന്നാല്‍ ഈ അഭിനയപ്രതിഭ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് മലയാള സിനിമ പിന്നീട് കണ്ടത്.

അഭിനയ ജീവിതത്തിന്‍റെ സായന്തനങ്ങളില്‍ അഭിനയിച്ച ആര്യന്‍, ഇന്ദ്രജാലം, വിഷ്ണുലോകം, കടവ് എന്നീ ചിത്രങ്ങളില്‍പോലും തന്‍റേതായ വ്യക്തിത്വം പുലര്‍ത്താന്‍ ബാലന്‍ കെ നായര്‍ എന്ന അഭിനയപ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.