വെയില്‍ വൃത്തങ്ങള്‍ ഇളകിക്കളിക്കുന്ന നാട്ടിലെ പഴയ ഖദീജ തീയറ്ററില്‍ യവനിക തകര്‍ത്തോടുന്നു. തിരശീലയില്‍ ആകാംക്ഷയ്ക്ക് തീ പിടിക്കുന്നു, തബലയില്‍ അയ്യപ്പന്റെ കൈകള്‍ ആഞ്ഞാഞ്ഞു വീഴുന്നു, താളക്രമത്തില്‍ തലയെറിഞ്ഞ് അയ്യപ്പന്‍ ആസ്വദിച്ച് താളം മുഴക്കുന്നു. മറ്റൊരിക്കല്‍ നിസഹായനായ മില്ലുടമ മാമച്ചനായി, പിന്നെ ഒരു ത്രിസന്ധ്യ നേരത്ത് സന്ധ്യ മയങ്ങും നേരത്തിലെ ഉന്മാദത്തിന്റെ നീല ശംഖുപുഷ്പങ്ങള്‍ വിടര്‍ത്തിയ ജഡ്‌ജിയായി, പിന്നെ മറ്റാരിക്കയോ ആയി നമുക്കൊപ്പം നടന്നു രസിപ്പിച്ചു, അഭിനയത്തിന്റെ രസവാക്യങ്ങള്‍ പതുക്കെ വെളിവാക്കി തന്നു. ഭരത് ഗോപിയെന്ന ഗോപിനാഥന്‍ അവസാന റീലും കടന്ന് പോയിട്ട് ഇന്ന് ഒരു വര്‍ഷം.
മസില്‍ പെരുക്കങ്ങളില്ലാത്ത മലയാളിയുടെ ആദ്യ പൌരുഷം തുളുമ്പുന്ന നായകനായിരുന്നു ഭരത് ഗോപി. നാടകത്തിന്റെ കഠിന വ്രതങ്ങളില്‍ നിന്ന് സിനിമാലോകത്തേക്ക് വന്നതുകൊണ്ടു തന്നെ മിതത്വവും സൂക്ഷ്മവുമായ ഒരു അഭിനയ പാടവം അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നു. അടൂരിന്റെ സ്വയംവരമായിരുന്നു ആദ്യ ചിത്രം. വളരെ ചെറിയ ഒരു സീന്‍, 1972 ലായിരുന്നു അത്.
പിന്നീട് 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോപിയെ നായകനാക്കി അടൂരിന്റെ അടുത്ത ചിത്രം പുറത്തുവന്നു കോടിയേറ്റം. നിഷ്കളങ്കനായ ശങ്കരന്‍ കുട്ടിയെ അനശ്വരനാക്കി ഗോപി. അഭിനയ ജീവിതത്തിലെയും മലയാള സിനിമയുടേയും കൊടിയേറ്റ കാലമായിരുന്നു അത്. സാദാ ഗോപി ശങ്കരന്‍ കുട്ടിയിലൂടെ ഭരത് ഗോപിയായി, പ്രേഷകര്‍ക്ക് കൊടിയേറ്റം ഗോപിയായായി.
WD
സിനിമയുടെ സമവാക്യങ്ങള്‍ ഗ്ലാമര്‍ മാത്രമല്ലായെന്നും അത് ഗൌരവതരമായ ചിലത് കൂടിയാണെന്നും അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. അതുകൊണ്ടാണ് നായകനില്‍ നിന്ന് നേരെ വില്ലന്‍ വേഷങ്ങളിലേക്ക് ചുവടുമാറാന്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞത്. തമ്പിലും പാളങ്ങളിലും യവനികയിലും എല്ലാം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട വില്ലനായിരുന്നു അദ്ദേഹം. കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്നതായിരിക്കണം സിനിമ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു അത്കൊണ്ടുതന്നെ അഭിനയത്തിലും ആ വിനിമയപരത അദ്ദേഹം കാത്തു സൂക്ഷിച്ചു.
കള്ളന്‍ പവിത്രനിലെ മാമച്ചന്‍ മുതലാളിയും പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനക്കുറുപ്പും രേവതിക്കൊരു പാവക്കുട്ടിയിലെ അച്ഛനുമെല്ലാം ഗോപി എന്ന നടന്റെ റേഞ്ച് മലയാളിക്ക് മനസിലാക്കി നല്‍കി. ഇതിനിടയിലാണ് പക്ഷാഘാതം ജീവിതത്തിലേക്ക് വില്ലനായി കടന്നുവന്നത്. 85 സിനിമകളില്‍ അദ്ദേഹം അതിനകം വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരുന്നു. രോഗശയ്യയിലായതിനാല്‍ നിരസിക്കേണ്ടി വന്നത് ഏകദേശം 250 ചിത്രങ്ങള്‍. പക്ഷെ അദ്ദേഹം തിരിച്ചുവന്നു ഒരു വശം പൂര്‍ണ്ണമായി ചലനരഹിതമായെങ്കിലും പഴയ തീഷ്ണതകളുമായി അദ്ദേഹം വെള്ളിത്തിരയില്‍ വീണ്ടും സജീവമായി. ഇടയ്‌ക്ക് സംവിധാനത്തിലും ശ്രദ്ധ പതിപ്പിച്ചു. ഗോപിയുടെ അഭിനയ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളായിരുന്നു അത്.
പിന്നീട് കാലവും കാലവര്‍ഷവും ഏറെ വന്നുപോയി ഖദീജ തിയറ്ററും അവിടുത്തെ മൂട്ടകള്‍ നിറഞ്ഞ ബഞ്ചും ഓര്‍മ്മകളായി, പത്രത്തളില്‍ കറുത്ത അക്ഷരങ്ങളിലൂടെ ഗോപി മലയാള സിനിമയോട് വിട പറഞ്ഞു. മലയാളിയുടെ ആദ്യത്തെ മിഡില്‍ ക്ലാസ് നായകന്‍ ഓര്‍മ്മയുടെ ആല്‍ബത്തിലെ മങ്ങാത്ത ചിത്രമായി. വാര്‍ഷികം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വര്‍ഷങ്ങള്‍ വളരെ വേഗം ഓടി മറയുകയാണ്. നിഷ്കളങ്കമായി ശങ്കരന്‍ കുട്ടി പറഞ്ഞത് പോലെ “ എന്തൊരു സ്പീഡാ” കാലത്തിനും.