നയന്‍‌താരയുടെ വില്ലന്‍ സായികുമാര്‍!

Webdunia
ബുധന്‍, 27 ജനുവരി 2010 (15:04 IST)
PRO
മലയാളത്തിലെ തലയെടുപ്പുള്ള വില്ലനായിരുന്നു സായികുമാര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ സായിയില്‍ നിന്ന് ഉണ്ടായില്ല. സിദ്ദിഖ് ഒന്നാം നിര വില്ലനായതും മറുഭാഷാ വില്ലന്‍‌മാര്‍ മലയാള സിനിമ കയ്യടക്കിയതും ചില ഗോസിപ്പുകളും സായികുമാറിനെ പ്രതികൂലമായി ബാധിച്ചു. അതുകൊണ്ടു തന്നെ മറ്റു ഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ സായിയുടെ ശ്രമം.

സായി ഉടന്‍ തന്നെ ഒരു തെലുങ്ക് സിനിമയില്‍ വില്ലനാവുകയാണ്. ‘സിംഹ’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയില്‍ നായിക നയന്‍‌താരയാണ്. നയന്‍സിനെ പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് നയിക്കുന്ന വില്ലനായാണ് സായി അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലകൃഷ്ണയാണ് ചിത്രത്തിലെ നായകന്‍.

തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ബോയാപതി ശ്രീനു സംവിധാനം ചെയ്യുന്ന സിംഹയില്‍ റഹ്‌മാനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. നമിതയും സ്നേഹാ ഉല്ലലും ഗ്ലമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടും.

ഏപ്രില്‍ ആദ്യം സിംഹ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒട്ടേറെ തമിഴ് ചിത്രങ്ങളില്‍ മുമ്പ് സായികുമാര്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്.