ജീവിതവും മരണവും സ്ക്രീനില്‍

Webdunia
PROPRO
ക്യാമറയ്ക്ക് മുന്നിലെ ജീവിതമായിരുന്നു ജെയ്ഡ് ഗൂഡിയുടേത്. ഒടുവില്‍ അവരുടെ കണ്ണുകള്‍ അടഞ്ഞതോടെ ഇനി ക്യാമറയ്ക്കും കണ്ണടയ്ക്കാം. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള കണ്ണുപൊത്തിക്കളി ഇവിടെ അവസാനിക്കുന്നു.

ജെയ്ഡിന്‍റെ ആയുസ്സിനായി നൂറുകണക്കിനാളുകള്‍ ലോട്ടണ്‍ നഗരത്തില്‍ നടത്തിയ പ്രദക്ഷിണ പ്രയാണം വിഫലമായി.
വിധി വച്ചു നീട്ടിയ മറ്റൊരു ചോദ്യ ചിഹ്നം പോലെയാണ് ഈ മരണം കടന്നെത്തുന്നത്. ഒരിക്കല്‍ പ്രേക്ഷകരെയെല്ലാം ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മിനി സ്ക്രീനില്‍ നിറഞ്ഞുനിന്ന ഗൂഡി അവസാന നിമിഷം കരയുകയായിരുന്നു. അര്‍ബുദം മനസ്സിനെക്കാള്‍ ശരീരത്തെ ബാധിച്ചപ്പോള്‍ ഗൂഡി പോകാന്‍ സ്വയം തയ്യാറെടുത്തു.

തന്‍റെ രണ്ട് കുട്ടികളെക്കുറിച്ചോര്‍ത്താണ് ഗൂഡി അവസാന നിമിഷം ആശങ്കപ്പെട്ടിരുന്നത്. തന്‍റെ എല്ലാമെല്ലാമായിരുന്ന അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഗുഡി തിരിച്ചുവരാനാഗ്രഹിക്കുകയായിരുന്നു, സന്തോഷത്തിന്‍റെ ഈ ലോകത്തേക്ക്. പക്ഷേ ദൈവം അവളുടെ വിളി കേട്ടില്ലെന്ന് മാത്രമല്ല ക്രൂരത കാണിക്കുന്നതില്‍ അല്‍പം പോലും വിട്ടുവീഴ്ച ചെയ്തതുമില്ല.

രോഗ ബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഗൂഡിയുടെ കണ്ണുകള്‍ ഓരോ നിമിഷവും മങ്ങുകയായിരുന്നു. തന്‍റെ നാളുകള്‍ എണ്ണപ്പെട്ടതാണെന്നും ഒരു തിരിച്ച് വരവ് അസാധ്യമാണെന്നുമുള്ള നഗ്നസത്യം തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ വിതുമ്പിക്കരഞ്ഞു. അവസാന നിമിഷത്തില്‍ വേദന സഹിക്ക വയ്യാതായപ്പോള്‍ പരിചരിക്കുന്ന ഡോക്ടര്‍മാരൊടും നഴ്സുമാരോടും അവര്‍ യാചിച്ചു - “എന്നെ കൊന്നു തരൂ, ജീവിതം എനിക്ക് മടുത്തിരിക്കുന്നു. എനിക്കിനി സന്തോഷം നല്‍കുന്നത് മരണം മാത്രമാണ്.”

ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയില്‍ ശില്‍‌പഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തോടെയാണ് ഗൂഡി ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാവുന്നത്. “ശില്‍‌പാ ഷെട്ടിയെ അധിക്ഷേപിച്ചതില്‍ ഖേദമുണ്ട്, അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു“ - ഗൂഡി പറയുന്നു. വംശീയ വിദ്വേഷം തന്‍റെ രക്തത്തില്‍ ഇല്ലെന്ന് പലതവണ അവര്‍ ആണയിട്ടു. എങ്കിലും ഇന്ത്യയില്‍ ഒരു തെമ്മാടി സ്ത്രീയുടെ പരിവേഷമാണ് ഗൂഡിക്ക് അടുത്ത കാലം വരെ കിട്ടിക്കൊണ്ടിരുന്നത്.

മരണത്തിനു മുമ്പെ തന്‍റെ കാമുകന് വരണമാല്യം അണിയിക്കാനുള്ള ആഗ്രഹം അവള്‍ വെളിപ്പെടുത്തി. അങ്ങനെയാണ് ലണ്ടനിലെ ഹോട്ടലില്‍ നടന്ന ആഡംബര ചടങ്ങില്‍ ജാക്ക്‌ ട്വീഡിനെ ഗൂഡി വിവാഹം കഴിച്ചു. വല്ലാത്തൊരു വൈകാരികതയായിരുന്നു ഗൂഡിയുടെ മുഖത്ത് അന്ന് പ്രകടമായത്. തന്‍റെ രോഗത്തെക്കുറിച്ച് അവര്‍ മറന്നുപോയതു പോലെ! കുഞ്ഞുങ്ങളെപ്പോലെ പൊട്ടിച്ചിരിക്കുകയായിരുന്നു അവര്‍.

തന്‍റെ അവസാന നിമിഷങ്ങളില്‍ ഗൂഡി കാണിച്ച പോരാട്ട വീര്യം ഡോക്ടര്‍മാരെപ്പോലും അദ്ഭുതപ്പെടുത്തി. ഗൂഡിയുടെ ആത്മധൈര്യമാണ് അവരുടെ ജീവിതം ഇത്രയും നീട്ടിയതെന്ന് ഗൂഡിയുടെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.

ജീവിതം മുഴുവന്‍ ക്യാമറയ്ക്ക് മുന്നില്‍ ചെലവഴിക്കണമെന്നും മരണം പോലും ക്യാമറയില്‍ പകര്‍ത്തണമെന്നുമുള്ള ഗൂഡിയുടെ ആഗ്രഹം ആദ്യം വിവദമുയര്‍ത്തിയെങ്കിലും പിന്നീട് അനുവദിക്കപ്പെടുകയായിരുന്നു. ഗൂഡിയുടെ മരണദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ലിവിംഗ്‌ ടെലിവിഷനാണ് അനുമതി നല്‍കിയത്.