ഒരു മഞ്ഞള്‍ പ്രസാദത്തിന്‍റെ ഓര്‍മയ്ക്ക്...

Webdunia
WDWD
മോനിഷയില്ലാത്ത പതിനഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന മലയാള സിനിമയ്ക്ക് ആ ഓര്‍മ്മകളുടെ ആര്‍ദ്രസ്മരണകളില്‍ നിന്ന് ഇനിയും വിട്ടുപിരിയാനായിട്ടില്ല.

കൗമാരം കടക്കും മുന്‍പേ രാജ്യത്തെ ഏറ്റവും മികച്ച നടിക്കുള്ള ഉര്‍വശി അവാര്‍ഡും സ്വന്തമാക്കി അഭിനയപ്രതിഭയുടെ മാറ്റു മുഴുവന്‍ കാണും മുന്‍പെ കാറപകടത്തിന്‍റെ രൂപത്തില്‍ മരണം തട്ടിയെടുത്ത മോനിഷയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സിനിമാ പ്രേമികളുടെയും മലയാള സിനിമാലോകത്തിന്‍റെയും പ്രണാമം.

" മഞ്ഞല്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടും ചുറ്റി' മലയാള സിനിമാരംഗത്തേയ്ക്കു കടന്നുവന്ന ു അകാലത്തില്‍ പൊലിഞ്ഞ നടി മോനിഷയുടെ ജീവിതം പ്രതിഭയുടെ തിളക്കം കൊണ്ട് അംഗീകരിക്കപ്പെട്ടതാണ്.

നൃത്തവേദിയില്‍ നിന്നാണ് മോണിഷ സിനിമാരംഗത്തെത്തുന്നത്. മോണിഷയുടെ പിതാവ് കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഉണ്ണിയും മാതാവ് ശ്രീദേവിയും ഏക സഹോദരന്‍ സജിതുമാണ്.

1971 ല്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ജനിച്ചു. മലയാളികളാണെങ്കിലും പതിനാലു വഷമായി ബാംഗ്ളൂരിലാണ് ഈ കുടുംബം. അവിടെ തുകല്‍ വ്യവസായം നടത്തുകയാണ് ഉണ്ണി.

ശ്രീദേവി ഉണ്ണി നല്ലൊരു നര്‍ത്തകിയായിരുന്നു.ആ പാരമ്പര്യം മോണിഷയ്ക്കും ചെറുപ്പം മുതല്‍ പകര്‍ന്നു നല്കിയതിനാല്‍ നല്ലൊരു നര്‍ത്തകിയെന്ന പേരു നേടാന്‍ മോണിഷയ്ക്കുകഴിഞ്ഞു.

മോനിഷ വളര്‍ന്നതും പഠിച്ചുതുമെല്ലാം ബാംഗ്ളൂരിലായിരുന്നു. പ്രശസ്തമായ സെന്‍റ് ചാള്‍സിലും ബിഷപ്സ് കോട്ടണിലുമായി സ്കൂള്‍ വിദ്യാഭ്യാസം . തുടര്‍ന്ന് മൗണ്ട് കാര്‍മല്‍ കോളേജില്‍ പഠിച്ച മോനിഷ സൈക്കോളജിയില്‍ ബിരുദം നേടി.


WDWD
കടുംബസുഹൃത്തായ എം.ടി. വാസുദേവന്‍നായരാണ് മോണിഷയെ സിനിമാരംഗത്തേയ്ക്ക് കൊണ്ടു വന്നത്. എം.ടി.കഥയും തിരക്കഥയുമെഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത "നഖക്ഷതങ്ങള്‍'(1986) എന്ന ചിത്രത്തിലാണ് മോണിഷ ആദ്യമായി അഭിനയിച്ചത്.

ആ ചിത്രം സൂപ്പര്‍ ഹിറ്റ് ആയി. ചിത്രത്തിന്‍റെ വിജയത്തിനു പ്രധാനകാരണം കഥാപാത്രങ്ങള്‍ക്കനുയോജ്യമായ പുതുമുഖതാരങ്ങളായിരുന്നു. കൗമാരപ്രണയത്തിന്‍റെ മാധുര്യവും തിക്തതയും അനുഭവിക്കുന്ന ഗൗരി എന്ന ഗ്രാമീണപ്പെണ്‍കൊടി ,ഗൗരിയായി മോനിഷ ജീവിക്കുകയായിരുന്നു.

നഖക്ഷതങ്ങളിലെ അയത്നലളിതമായ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ഉര്‍വ്വശി അവാര്‍ഡ് മോണിഷ്യ്ക്കു ലഭിച്ചു. കന്നിച്ചിത്രത്തിലൂടെ നല്ല നടിക്കുള്ള ഉര്‍വ്വശി അവാര്‍ഡ് നേടിയ മോനിഷ ഈ അവാര്‍ഡ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നടിയായി.

പെരുന്തച്ചനിലെ ഉണ്ണിമായ, കമലദളത്തിലെ മാളവിക, കടവിലെ ശ്രീദേവി ടീച്ചര്‍ തുടങ്ങിയവയാണ് മോനിഷയുടെ ശ്രദ്ധേയമായ മറ്റു കഥാപാത്രങ്ങള്‍. ഒരു കൊച്ചു ഭൂമികുലുക്കം, സായം സന്ധ്യ,കടുംബസമേതം, ചമ്പക്കുളം തച്ചന്‍, ആര്യന്‍, അധിപന്‍, തലസ്ഥാനം, ഋതുഭേദം തുടങ്ങി പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നഖക്ഷതങ്ങളുടെ തമിഴ് റീമേക്കായ പൂക്കള്‍ വിടും ഇതള്‍, ദ്രാവിഡന്‍ എന്നി തമിഴ് സിനിമകളിലും കന്നടയിലെ സൂപ്പര്‍ സ്റ്റാര്‍ രാജകുമാറിനൊപ്പം ചിരഞ്ജീവി സുധാകര്‍ എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചു.

നല്ല നര്‍ത്തകിയായിരുന്നു മോനിഷ. ഒന്‍പതാം വയസ്സില്‍ അരങ്ങേറ്റും നടത്തിയ മോനിഷ, പത്മിനി രാമചന്ദ്രന്‍, അടയാര്‍ ലക്സ്മണ്‍ എന്നിവരുടെ ശിക്ഷണത്തിലാ നൃത്തം അഭ്യസിച്ചത്. 1985 ല്‍ കര്‍ണാടക സംസ്ഥാനടിസ്ഥാനത്തില്‍ നടന്ന ഭരതനാട്യമല്‍സരത്തില്‍ മോനിഷ കൗശിക അവാര്‍ഡ് നേടി.

ജി.എസ് വിജയന്‍റെ ചെപ്പിടവിദ്യയാണ് മോനിഷയുടെ അവസാന ചിത്രം. ചിത്രം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ 1992 ഡിസംബര്‍ അഞ്ചിന് തീയതി ചേര്‍ത്തലയ്ക്കടുത്ത് വച്ചുണ്ടായ കാറപകടത്തില്‍ മോനിഷ മരിച്ചു.

ജീവതത്തിന്‍റെ സര്‍വ്വ മുഹൂര്‍ത്തങ്ങളേയും അഭിനയത്തിലൂടെ ശാശ്വതീകരിച്ച ഈ കലാകാരിക്ക് ജീവിതത്തിന്‍റെ ഭരതവാക്യവും നേരത്തെ ചൊല്ലെണ്ടി വന്നത് ക്രൂരമായവിധി വൈപരീത്യമായി.