ഇനിയില്ല, ഇന്ത്യന്‍ സിനിമയുടെ ഋതുദാ

Webdunia
വ്യാഴം, 30 മെയ് 2013 (16:23 IST)
PRO
മരണമെത്തുന്നത് പലപ്പോഴും വളരെ വേഗത്തിലാണ്. കണ്ണടച്ചുതുറക്കും മുമ്പേ അപ്രതീക്ഷിതമായി, അവിചാരിതമായി. അത് കവര്‍ന്നെടുക്കുന്നതോ, പലപ്പോഴും ലോകത്തിന് ഏറ്റവും പ്രിയപ്പെട്ടവരെ. ഒരേയൊരു പത്‌മരാജനെ, നിറങ്ങളുടെ നിത്യപ്രണയി ഭരതനെ, കഥകളുടെ രാജാവ് ലോഹിതദാസിനെ. അവരെ ഏറ്റവുമധികം സ്നേഹിക്കുന്നവരുടെ ഇടയില്‍ നിന്ന് മരണം അവരെ തട്ടിയെടുക്കുകയായിരുന്നു. ഇപ്പോഴിതാ ബംഗാളിന്‍റെ, അല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഋതുദാ!

ഋതുപര്‍ണഘോഷിന്‍റെ മരണം അത് അദ്ദേഹത്തിന്‍റെ പല സിനിമകളും പോലെ തന്നെ ഞെട്ടിക്കുന്നതാണ്. ഒരു അപ്രതീക്ഷിത പ്രമേയം പോലെ. സിനിമാലോകത്തിന് അവിശ്വസനീയമായ ഒരു വാര്‍ത്ത. നാല്‍പ്പത്തൊമ്പതാം വയസില്‍ ഒരു മഹാനായ ചലച്ചിത്രകാരന്‍റെ വിടവാങ്ങല്‍. ഈ ചെറിയ പ്രായത്തിനുള്ളില്‍ പന്ത്രണ്ടിലധികം ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ പ്രതിഭ. നല്ല സിനിമകളുടെ കൂട്ടുകാരനായി മാത്രമേ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടൂ. ഷോക്കിംഗായ പ്രമേയങ്ങള്‍ പോലും ഒരു നനുത്ത തൂവല്‍ സ്പര്‍ശം പോലെ അവതരിപ്പിക്കാനുള്ള വൈദഗ്ധ്യം ഋതുദായ്ക്കുണ്ടായിരുന്നു.

അര്‍ബുദം ഏറെനാളായി അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു. അതിന്‍റെ ചികിത്സ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ മരണമെത്തിയത്. സാഹചര്യങ്ങളും സമൂഹവുമാണ് ഋതുപര്‍ണഘോഷിന്‍റെ പല സിനിമകളിലും വില്ലനായി വരിക. എന്നാല്‍ ഇവിടെ മരണം ഋതുദായുടെ ജീവിതത്തോട്, അല്ലെങ്കില്‍ ലോക സിനിമയോട് തന്നെ ഏറ്റവും കൊടിയ വില്ലത്തരം കാണിച്ചിരിക്കുന്നു. ഒരു ചെറുകാറ്റില്‍ അണഞ്ഞുപോയ തിരിനാളം പോലെ, പ്രതിഭയുടെ വലിയ വെളിച്ചമാണ് വ്യാഴാഴ്ച രാവിലെ പൊലിഞ്ഞത്.

സത്യജിത് റേയ്ക്കും മൃണാല്‍ സെന്നിനും ശേഷം ലോക സിനിമയില്‍ ഇന്ത്യന്‍ സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനായിരുന്നു ഋതുപര്‍ണഘോഷ്. ഉനിഷേ ഏപ്രില്‍, ചോക്കര്‍ ബാലി, റെയ്ന്‍കോട്ട്, അബോഹോമന്‍, ചിത്രാംഗദ തുടങ്ങി 19 സിനിമകളാണ് ഋതുപര്‍ണഘോഷ് സംവിധാനം ചെയ്തത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍‌മാരാക്കിയുള്ള സിനിമകള്‍ അദ്ദേഹത്തിന്‍റെ ആലോചനകളിലുണ്ടായിരുന്നു. സുജോയ് ഘോഷ് എന്ന സംവിധായകനെയും വിദ്യാബാലനെയും ജോഡിയാക്കി 'സത്യാന്വേഷി’ എന്ന സിനിമയുടെ പണിപ്പുരയിലായിരുന്നു.

ബംഗാളിലെ വിഖ്യാത നടന്‍ സൌമിത്രോ ചാറ്റര്‍ജിയുടെ വാക്കുകള്‍, അത് ഋതുദായെ അറിയുന്ന, അദ്ദേഹത്തിന്‍റെ സിനിമകളെ അറിയുന്ന ആരുടെയും ഉള്ളില്‍ ആദ്യമുയരുന്ന വാക്കുകളാണ് - “ഋതുപര്‍ണ ഇനി ഇല്ല എന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആ വാര്‍ത്ത സ്വീകരിക്കുക ഏറെ പ്രയാസമുള്ള കാര്യമാണ്. നമുക്ക് നഷ്ടമായത് ഒരു വലിയ പ്രതിഭയെയാണ്, അതും ഏറ്റവും ചെറിയ പ്രായത്തില്‍”.