അമല പോയി, ശ്രുതി തിരിച്ചെത്തി!

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2011 (15:55 IST)
PRO
രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘ത്രീ’യില്‍ നിന്ന് അമലാ പോള്‍ പുറത്തായ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം പുതിയ വഴിത്തിരിവ്. ‘ത്രീ’യില്‍ നായികയായി കമലഹാസന്‍റെ മകള്‍ ശ്രുതി ഹാസന്‍ തിരിച്ചെത്തി. ശ്രുതി ഹാസനെ നായികയായി ആലോചിച്ച് തുടങ്ങിയ സിനിമയായിരുന്നു ‘ത്രീ’. അവര്‍ക്ക് ഡേറ്റില്ലാത്തതിനാല്‍ അമലാ പോളിനെ തീരുമാനിക്കുകയായിരുന്നു. അമലയെ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കിയ ശേഷം ഐശ്വര്യ ധനുഷും ശ്രുതി ഹാസനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ശ്രുതി തന്നെ ചിത്രത്തില്‍ നായികയാകാന്‍ തീരുമാനിക്കുകയായിരുന്നു.

ശ്രുതി ഹാസനെ മനസില്‍ കണ്ടാണ് ഐശ്വര്യ ധനുഷ് ‘ത്രീ’യിലെ നായികാ കഥാപാത്രത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഏഴാം അറിവ്, ഒരു തെലുങ്ക് ചിത്രം എന്നിവയുടെ തിരക്കുള്ളതിനാല്‍ ‘ത്രീ’യ്ക്ക് ഡേറ്റ് നല്‍കാന്‍ ശ്രുതിക്ക് കഴിഞ്ഞില്ല. അതിനാലാണ് അമലാ പോളിനെ നായികയായി നിശ്ചയിച്ചത്. അമലയെ നായികയാക്കി ഐശ്വര്യ ആശ്വസിച്ചിരിക്കുമ്പോഴാണ് അടുത്ത ഭൂമികുലുക്കം.

രാം ഗോപാല്‍ വര്‍മ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച അമല പോള്‍ ‘ത്രീ’ എന്ന പ്രൊജക്ടിനെ വലിയ കാര്യമാക്കിയില്ലത്രെ. ‘ത്രീ’യുടെ ഫോട്ടോ ഷൂട്ടിന് എത്താന്‍ പോലും അമല തയ്യറായില്ല. ഇതില്‍ കോപാകുലയായ ഐശ്വര്യ ധനുഷ് തന്‍റെ ചിത്രത്തില്‍ അമലയെ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഇനി ആരെ നായികയാക്കും എന്നാലോചിച്ച് ഇരിക്കുമ്പോള്‍, ഒരിക്കല്‍ കൂടി ശ്രുതി ഹാസനുമായി സംസാരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

ഓഗസ്റ്റ് അവസാനം ആരംഭിക്കാനിരുന്ന തെലുങ്ക് ചിത്രം മാറ്റിവച്ചതോടെയാണ് അതില്‍ അഭിനയിക്കേണ്ടിയിരുന്ന ശ്രുതി ഹാസന്‍ ഒരു മാസത്തിലധികം ഫ്രീയായത്. ആ ഡേറ്റ് ഐശ്വര്യ ധനുഷിന് നല്‍കാന്‍ ശ്രുതി തീരുമാനിച്ചു. അതോടെ ‘ത്രീ’ എന്ന പ്രൊജക്ടിനെ ചുറ്റി ഉരുണ്ടുകൂടിയ കാര്‍മേഘം ഒഴിഞ്ഞുപോയി.

രജനീകാന്തിന്‍റെ മകള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമലഹാസന്‍റെ മകള്‍ നായിക. നായകനോ? രജനിയുടെ മരുമകനും. എന്തായാലും ‘ത്രീ’ വാര്‍ത്തകളില്‍ നിറയുകയാണ്.