എന്നേക്കൊണ്ട് സൌകര്യമില്ലെന്ന് രണ്‍ജി, കാണിച്ചുതരാമെടാ എന്ന് കൈചുരുട്ടി ഷാജി; കലഹിച്ച് മമ്മൂട്ടി!

Webdunia
തിങ്കള്‍, 6 മെയ് 2019 (17:29 IST)
എഴുത്തില്‍ കഠാരയുടെ മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടുവരുന്നതില്‍ മിടുക്കനാണ് രണ്‍ജി പണിക്കര്‍. ഒരുപക്ഷേ രണ്‍ജിയുടെ മാനസഗുരുവായ ടി ദാമോദരനേക്കാള്‍ മിടുക്ക് അക്കാര്യത്തില്‍ രണ്‍ജിക്കുണ്ട്. തലസ്ഥാനം മുതല്‍ ഏകലവ്യനിലൂടെയും കമ്മീഷണറിലൂടെയും കിംഗിലൂടെയും പത്രത്തിലൂടെയും ലേലത്തിലൂടെയുമെല്ലാം അത് രണ്‍ജി പലവട്ടം കാണിച്ചുതന്നിട്ടുമുണ്ട്. 
 
എന്നാല്‍ രണ്‍ജിയുടെ എഴുത്തിന്‍റെ പരകോടിയെന്ന് പറയാവുന്ന സിനിമ മമ്മൂട്ടി നായകനായ ‘ദി കിംഗ്’ ആണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ആ സിനിമ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി. 
 
ആ സിനിമയുടെ പിറവിയെക്കുറിച്ച് രണ്‍ജി പണിക്കരുടെ തന്നെ വാക്കുകള്‍:
 
കമ്മീഷണര്‍ കഴിഞ്ഞുള്ള അടുത്ത സിനിമയായിരുന്നു ദി കിംഗ്. ഒരു സിനിമ വലിയ ഹിറ്റായാല്‍ അടുത്ത സിനിമ എഴുതാന്‍ ഭയമാണ്. കാരണം, ആളുകള്‍ അതിനേക്കാള്‍ വലിയ ചിത്രം പ്രതീക്ഷിക്കും. കമ്മീഷണര്‍ സെന്‍സേഷണലായതോടെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഡിമാന്‍ഡ് അധികമായി. ആയിടെ എറണാകുളത്തുള്ള ഒരു ഫ്രണ്ടിന്‍റെ വീട്ടില്‍ വച്ച് ഷാജി കൈലാസ് എന്നോടുപറഞ്ഞു - അടുത്തത് ഒരു കളക്ടറുടെ കഥ ആയാലോ? 
 
ഞാന്‍ പറഞ്ഞു - പോടാ... എന്നേക്കൊണ്ടൊന്നും പറ്റില്ല... കമ്മീഷണര്‍ കഴിഞ്ഞയുടന്‍ കളക്‍ടര്‍... എല്ലാം ഒന്നുതന്നെയാണെന്ന് എല്ലാവരും പറയും... നീ തന്നെ എഴുതിക്കോ എന്ന് പറഞ്ഞ് ഞാന്‍ പോയി. പക്ഷേ, ഷാജി അതില്‍ തന്നെ ഉറച്ചുനിന്നു. അങ്ങനെയാണ് ദി കിംഗ് എന്ന സിനിമയുടെ തുടക്കം. ആ സിനിമയുടെ സമയത്ത് ഞാനും ഷാജിയും 24 മണിക്കൂറും ഒരുമിച്ചാണ്. ഞങ്ങളുടെ ചര്‍ച്ചകളും ചിന്തകളും അക്കാലത്തെ രാഷ്ട്രീയവും ഞങ്ങളുടെ ക്ഷോഭവുമെല്ലാം അതില്‍ വന്നു.
 
18 സീന്‍ ആണ് കിംഗിനായി ആദ്യം എഴുതി പൂര്‍ത്തിയാക്കിയത്. അതിനുശേഷം എഴുത്ത് നിന്നു. പിന്നീട് ഞങ്ങള്‍ ഷൂട്ടിംഗ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് ഷിഫ്റ്റ് ചെയ്യുന്നു. അത് ഒരു സൂത്രപ്പണിയാണ്. ഒരു ഷിഫ്റ്റിംഗ് വരുമ്പോള്‍ എഴുത്തിലുള്ള എന്‍റെ പ്രഷര്‍ ഒന്ന് കുറയും. ഒരു ബ്രേക്ക് കിട്ടും. 
 
കളക്ടറുടെ അധികാരത്തിന് വലിയ വ്യാപ്തിയുണ്ട്. അതേക്കുറിച്ച് ഒരു അവബോധം എത്തിക്കാന്‍ കിംഗ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞു. സാധാരണക്കാരന്‍റെ കണ്ണീരും ദുരിതവും കാണാനുള്ള കണ്ണുകള്‍ ഒരു സിവില്‍ സെര്‍വന്‍റിന് ഉണ്ടാകണം. ജനങ്ങളുടെ ദാസന്‍ തന്നെയാകണം ഒരു ഉദ്യോഗസ്ഥന്‍. ജനങ്ങള്‍ക്ക് അതിലേക്ക് ഐഡന്‍റിഫൈ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ചേര്‍ന്നപ്പോള്‍ ചിത്രം വിജയമായി.
 
ചിത്രീകരണ സമയത്ത് ഞാനും ഷാജിയും തമ്മില്‍ ഒരു മത്സരമുണ്ട്. ഞാന്‍ ഒരു ഡയലോഗ് എഴുതുമ്പോള്‍ ‘ഇത് ഞാന്‍ കാണിച്ചുതരാമെടാ’ എന്നുപറഞ്ഞാണ് ഷാജി കൈയും ചുരുട്ടി ഇറങ്ങുന്നത്. ആ സീന്‍ മറ്റൊരു തലത്തിലേക്ക് മികച്ചതാക്കാനാണ് ഷാജിയുടെ അധ്വാനം.
 
മൊത്തമായി ഒരു സ്ക്രിപ്റ്റല്ല, ഡയലോഗിന്‍റെ ഒന്നോരണ്ടോ പേജാണ് മമ്മൂട്ടിക്ക് ഓരോ സമയത്തും കൊടുക്കുക. അതെല്ലാം വായിച്ച് മമ്മൂട്ടി എപ്പോഴും കലഹിച്ചുകൊണ്ടിരിക്കും. ഇതെല്ലാം കൂടി തന്നാല്‍ ഞാന്‍ എന്ത് ചെയ്യും എന്നൊക്കെ പറയും. പക്ഷേ അതെല്ലാം ഒരൊറ്റ നോട്ടം കൊണ്ട് മനസിലുറപ്പിക്കുകയും ഒറ്റ ഷോട്ടില്‍ ഒകെയാക്കുകയും ചെയ്യും. ആ നടന്‍റെ കാലിബര്‍ ആ സിനിമയെ വേറൊരു തലത്തിലേക്ക് എത്തിക്കാന്‍ കാരണമായി.
 
എങ്കിലും ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള സിനിമ. ആളുകള്‍ക്ക് ബോറടിച്ചാല്‍ പിന്നെ നില്‍ക്കില്ലല്ലോ. പക്ഷേ, ആദ്യ ഷോയ്ക്ക് കയ്യടി കൊണ്ട് ഡയലോഗ് കേള്‍ക്കാന്‍ കഴിഞ്ഞില്ല.
 
അമൃത ടി വിയിലെ ‘ജനനായകന്‍’ എന്ന പരിപാടിയില്‍ രണ്‍ജി പണിക്കര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article