ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയുടെ മഹത്തായ വിജയം പ്രേക്ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഈ ചിത്രത്തിന്‍റെ നിര്‍മ്മാണ സമയത്ത് വളരെയേറെ ബുദ്ധിമുട്ടും കഷ്ടപ്പാടും സഹിച്ച ഒരുപാട് പേരുണ്ടെന്നും അവര്‍ക്കെല്ലാം വേണ്ടി നന്ദി അറിയിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. ഈ ചെറിയ സിനിമയെ ഒരു വലിയ വിജയമാക്കി മാറ്റിയത് പ്രേക്ഷകരുടെ പിന്തുണയാണെന്നും മമ്മൂട്ടി വ്യക്തമാക്കി.
നിര്‍മ്മാതാക്കളും ഗ്രേറ്റ്ഫാദറിലെ സഹതാരങ്ങളുമായ ആര്യയോടും ഷാജി നടേശനോടുമൊപ്പം ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
“ഈ വിജയത്തിന്‍റെ അവകാശം നിങ്ങള്‍ പ്രേക്ഷകര്‍ക്കാണ്. ഇപ്പോള്‍ ഈ വിജയത്തിന്‍റെ സന്തോഷത്തില്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളും പങ്കുചേരുകയാണ്. ഈ സിനിമയുടെ നിര്‍മ്മാണ സമയത്ത് കഷ്ടപ്പെട്ട ഒരുപാടുപേരുണ്ട്. അവര്‍ക്കെല്ലാം വേണ്ടി നന്ദി അറിയിക്കുന്നു. ഈ സിനിമ ഇനിയും വലിയ വലിയ വിജയമാക്കിത്തീര്‍ക്കാന്‍ നമുക്ക് സാധിക്കട്ടെ. നമ്മുടെ സമകാലിക സാമൂഹ്യജീവിതത്തിലുണ്ടാകുന്ന ഒരുപാട് ദുരന്തങ്ങളുടെ നേര്‍ക്കുള്ള ചൂണ്ടുവിരലാണ് ഗ്രേറ്റ്ഫാദര്‍” - മമ്മൂട്ടി പറഞ്ഞു.
“മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം സഫലമായിരിക്കുന്നു. വളരെ ടഫ് ആയ മമ്മൂക്കയ്ക്കൊപ്പം എങ്ങനെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നാണ് സുഹൃത്തുക്കളൊക്കെ ചോദിച്ചത്. എന്നാല്‍ അടുത്തറിഞ്ഞപ്പോള്‍ അങ്ങനെയൊന്നുമല്ല എന്ന് മനസിലായി” - ആര്യ പറഞ്ഞു.
“മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഗ്രേറ്റ് വിക്ടറിയായ ഒരു സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എല്ലാ പ്രേക്ഷകരും കുടുംബത്തോടെ വന്നുകാണേണ്ട സിനിമയാണിത്” - ഷാജി നടേശന്‍ പറഞ്ഞു.