ആരോപണപ്രത്യാരോപണങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും കുതിച്ചുപായുകയാണ് ദി ഗ്രേറ്റ്ഫാദര്‍. കളക്ഷനില്‍ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുതകരമായ നേട്ടമാണ് ഈ മമ്മൂട്ടിച്ചിത്രം നേടുന്നത്. ഉടന്‍ തന്നെ സിനിമ 30 കോടി കളക്ഷനിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബപ്രേക്ഷകരാണ് ഗ്രേറ്റ്ഫാദറിന്‍റെ ശക്തി. ‘ദൃശ്യം’ സിനിമയ്ക്ക് തള്ളിക്കയറിയതുപോലെയാണ് കുടുംബങ്ങള്‍ ഗ്രേറ്റ്ഫാദര്‍ കളിക്കുന്ന തിയേറ്ററുകളിലേക്ക് ഇരമ്പിയെത്തുന്നത്. സ്വന്തം കുടുംബത്തിനുവേണ്ടി ജോര്‍ജ്ജുകുട്ടി സഹിച്ച ത്യാഗത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഡേവിഡ് നൈനാനും കാഴ്ചവയ്ക്കുന്നത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന ഡേവിഡ് നൈനാന്‍ മലയാളി യൂത്തിന്‍റെ സ്റ്റൈല്‍ ഐക്കണായി മാറിക്കഴിഞ്ഞു. ഡേവിഡ് നൈനാനെപ്പോലെ താടി നീട്ടിവളര്‍ത്തി സ്റ്റൈലന്‍ കാഷ്വല്‍ ഷര്‍ട്ടും ജീന്‍സും ഷൂവും ധരിച്ച് യുവാക്കള്‍ തിയേറ്ററുകളിലെത്തുകയാണ്.
കുടുംബപ്രേക്ഷകരുടെ തിരക്ക് പരിഗണിച്ച് മേജര്‍ സെന്‍ററുകളിലെല്ലാം ഷോകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ആലോചന നടക്കുന്നുണ്ട്. ടിക്കറ്റ് കിട്ടാതെ മടങ്ങിപ്പോകുന്നത് ആയിരങ്ങളാണ്. അതുകൊണ്ടുതന്നെ സ്പെഷ്യല്‍ ഷോകള്‍ മിക്ക സെന്‍ററുകള്‍ക്കും ആവശ്യമായി വരും.