‘ഈ അടുത്ത കാലത്ത്’ ഒരു ആര്‍എസ്എസ് സിനിമയല്ല!

Webdunia
തിങ്കള്‍, 5 മാര്‍ച്ച് 2012 (16:37 IST)
PRO
‘ഈ അടുത്ത കാലത്ത്’ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച സിനിമ. കോക്ടെയിലിന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ സിനിമ കുടുംബപ്രേക്ഷകരും സ്വീകരിച്ചതോടെ വലിയ ബോക്സോഫീസ് വിജയമാകുമെന്ന് ഉറപ്പായി.

ഈ സിനിമ ആര്‍ എസ് എസ് ചായ്‌വ് പ്രകടിപ്പിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ചില രംഗങ്ങള്‍ ആര്‍ എസ് എസ് അനുകൂല സാഹചര്യം സൃഷ്ടിക്കാനുള്ളതാണെന്ന ആരോപണം ശക്തമായി ഉണ്ടായി. എന്നാല്‍ അങ്ങനെയുള്ള ഉദ്ദേശ്യമൊന്നും ‘ഈ അടുത്ത കാലത്ത്’ എന്ന സിനിമയ്ക്കില്ലെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി.

“ആര്‍ എസ് എസ് ചാവ് ആരോപിക്കപ്പെട്ട രംഗങ്ങള്‍ പ്രത്യേകിച്ച് ഒരു ഉദ്ദേശത്തോടെയും ചെയ്തതല്ല. ഈ കഥയില്‍ ഒരു അഗ്രഹാരത്തിന്‍റെ പശ്ചാത്തലമുണ്ട്. സാധാരണ ഇത്തരം കേന്ദ്രങ്ങള്‍ക്ക് സമീപവും നഗരത്തിന്‍റെ ഉള്‍ഭാഗങ്ങളിലുമൊക്കെ ഇത്തരം ക്യാമ്പുകള്‍ കാണാറുണ്ട്. അവരുടെ എക്‌സര്‍സൈസും പരേഡുമൊക്കെ നഗരങ്ങള്‍ക്കുള്ളിലെ കാഴ്ചകളാണ്. എന്നാല്‍ മിക്ക സിനിമയിലും ഇത് ഉപയോഗിക്കാറില്ല. അതുകൊണ്ട് ഒരു പാസിംഗ് വിഷ്വല്‍ എന്ന രീതിയില്‍ ഉപയോഗിച്ചെന്നേയുള്ളൂ. അല്ലാതെ ഇതില്‍ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല.” - ഡൂള്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ മുരളി ഗോപി പറയുന്നു.

വിളപ്പില്‍ശാലയിലെ സമരത്തെ പരിഹസിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതായും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുരളി ഗോപിക്ക് ഇതിനും വ്യക്തമായ ഉത്തരമുണ്ട്.

“സിറ്റിയിലെ ഒരു വെയ്സ്റ്റ് ബിന്‍ എന്ന രീതിയിലേ ഈ സിനിമയില്‍ വിളപ്പില്‍ശാലയെ ഉപയോഗിച്ചിട്ടുള്ളൂ. ഞാന്‍ ഇവിടെ പറയാനുദ്ദേശിച്ചിരിക്കുന്നത് ഇത്തരം സ്ഥലങ്ങളെ സാമൂഹ്യവിരുദ്ധര്‍ ഇങ്ങനെയൊക്കെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ്. രണ്ടുപേരെ കൊന്ന് അവിടെയിടുന്നു. ഒരാള്‍ പോലും ആ സംഭവം അറിയുന്നില്ല. നാറ്റം കാരണം ഒരാളും ആ വഴിക്ക് പോകില്ലെന്നത് സാമൂഹ്യവിരുദ്ധര്‍ക്ക് സൗകര്യമാണ്” - മുരളി ഗോപി വ്യക്തമാക്കി.