സിനിമ തന്നെ ജീവിതം, ജീവനും - വിശ്വരൂപം 2ന്റെ ഛായാഗ്രാഹകന്‍ ഷാംദത്തുമായുള്ള സംഭാഷണം - ഭാഗം III

Webdunia
ശനി, 5 ഒക്‌ടോബര്‍ 2013 (12:35 IST)
PRO
PRO
ജീവിതവഴിയില്‍ ചില സമയം നമ്മള്‍ പകച്ചുനില്‍ക്കും. അപ്പോള്‍ എന്തെങ്കിലും വഴി നമുക്ക് മുമ്പില്‍തെളിഞ്ഞുവരും. ആല്‍കെമിസ്റ്റില്‍ പൌലോ കൊയ്‌ലോ പറയുന്നു, "നിങ്ങള്‍ ശരിയ്ക്കും എന്തെങ്കിലും സംഭവിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍, അത് നേടാന്‍ ഈ ലോകം ഒന്നടങ്കം ഗൂഢാലോചന നടത്തുന്നു". ചില സമയം ഇത്തരം ചില അനിശ്ചിതാവസ്ഥയില്‍ ജീവിതം ചില വഴികളിലൂടെ ചലിച്ചു തുടങ്ങും. ജീവിതത്തില്‍ എന്തിനെയും ക്യാമറക്കണ്ണിലൂടെ നോക്കിക്കാണുകയെന്നത് ഒരു ശീലമായി കഴിഞ്ഞിരുന്നു. നമ്മള്‍ എപ്പോഴും കാണുന്ന ഒരേ ദൃശ്യം തന്നെ വ്യൂഫൈന്‍ഡറിലൂടെ നോക്കുമ്പോള്‍ പലപ്പോഴും പലതായാവും കാണപ്പെടുക. വെളിച്ചത്തിന്റെ വിതാനമനുസരിച്ച് ആ ദൃശ്യഭംഗി തന്നെ മാറിക്കൊണ്ടിരിയ്ക്കും. അത് ഒരു അനുഭവമാണ്. ക്യാമറയിലൂടെ പുതുമയുള്ള കാഴ്ചകള്‍ ഞാന്‍ കണ്ടു. വീണ്ടും കാണാന്‍ മോഹിച്ചു. ഇപ്പോഴും കാണുന്നു. മൂവി ക്യാമറയിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെടുന്നത് ഈ താത്പര്യം കൊണ്ടാണ്.

അങ്ങനെയിരിക്കെ സീരിയലില്‍ അസിസ്റ്റന്റാവാന്‍ അവസരം ലഭിച്ചു. സീരിയലിന്റെ ക്യാമറമാന്‍ ഒരു തമിഴനായിരുന്നു. പഴയ ചില ക്യാമറമാന്‍മാരെപ്പോലെ ക്യാമറയില്‍പ്പോലും തൊടീക്കില്ല, വ്യൂഫൈന്‍ഡറിലൂടെ ഒന്നുനോക്കാന്‍ സമ്മതിക്കില്ല. അങ്ങനെയൊക്കെയായിരുന്നു കാര്യങ്ങള്‍. പക്ഷേ ആ അന്തരീക്ഷം എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു. ലൈറ്റും ബഹളവും ആളുമൊക്കെയായി ഒരു പുതുലോകം. അങ്ങനെ കുറേ ദിനങ്ങള്‍.

ഇതിനുശേഷം മറ്റൊരു സീരിയലിന്റെ വര്‍ക്കിനായി ഞാന്‍ തിരുവനന്തപുരത്തെത്തി. ഒരു പഴയകാല ചലച്ചിത്രസംവിധായകനും ഗാനരചയിതാവുമായ പ്രശസ്തനായിരുന്നു സീരിയലിന്റെ സംവിധായകന്‍. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് എന്റെ പെന്റക്സ് ക്യാമറ മോഷണം പോയി. ഞാന്‍ അതും തിരഞ്ഞ് ഷൂട്ടിംഗ് സെറ്റിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു, പൊലീസില്‍ പരാതിപ്പെടാം. ഇതൊന്നും സംവിധായകന് ഇഷ്ടപ്പെട്ടില്ല. "തന്നെ ഞാന്‍ അറിയില്ല, താന്‍ ഈ സെറ്റില്‍ വര്‍ക്ക് ചെയ്തിട്ടില്ല. തോന്ന്യാസം നടന്ന് ക്യാമറ നഷ്ടപ്പെടുത്തിയിട്ട്... എന്‍റെ സെറ്റില്‍ പൊലീസ് വരുന്നതൊന്നും എനിക്ക് ഇഷ്ടമല്ലാ"യെന്നൊക്കെ പറഞ്ഞു പൊട്ടിത്തെറിച്ചു. തലേന്ന് വരെ സ്നേഹപൂര്‍വം പെരുമാറിയിരുന്ന വ്യക്തി ഇങ്ങനെ പറയുന്നത് കേട്ട് കരഞ്ഞു ഞാന്‍ അവിടെ നിന്നിറങ്ങി നടന്നു.

അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ സംവിധായകനോട് ചോദിച്ചു, "സാറിന്റെ മോനായിരുന്നു ഇങ്ങനെയൊരു അവസ്ഥ വരുന്നതെങ്കില്‍ ഇങ്ങനെ പെരുമാറുമായിരുന്നോ?". അന്ന് അവര്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. എന്നോടൊപ്പം വന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ചെന്ന് പരാതിപ്പെട്ടപ്പോള്‍ ഷൂട്ടിംഗ് സെറ്റിലാരെങ്കിലും ആവും ക്യാമറ എടുത്തത്, എല്ലാവരെയും ചോദ്യം ചെയ്യാമെന്നായി പൊലീസ് ഉദ്യോഗസ്ഥര്‍. കുറ്റം ചെയ്തത് ആരെങ്കിലും ഒരാളാവും. അതിന് എല്ലാവരെയും കഷ്ടപ്പെടുത്തണ്ട, എന്നെങ്കിലും ജോലി ചെയ്ത് ഒരു ക്യാമറ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് പരാതി നല്‍കാതെ അവിടെനിന്നു പോന്നു. ഇവന്‍ എന്തു മനുഷ്യനാടേ എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. ഇനി ജോലി ചെയ്ത് ക്യാമറ വാങ്ങിയിട്ടേ വീട്ടിലേക്കുള്ളൂ എന്നായി എന്റെ ചിന്ത.

അടുത്ത പേജില്‍: ക്യാമറയോടുള്ള വാത്സല്യം, സ്വന്തം കുഞ്ഞിനെപ്പോലെ...


PRO
PRO
ക്യാമറയും നെഞ്ചില്‍ ചേര്‍ത്തായിരുന്നു അന്നുവരെ എന്റെ ഉറക്കമൊക്കെ. ഒരു തരം വാത്സല്യവും സ്നേഹവുമാണ്. ഒരു ജീവനുള്ള ആളോടെന്ന പോലെയാണ് ഞാന്‍ പെരുമാറുക. ശരിയ്ക്കും പറഞ്ഞാല്‍ എന്റെ കുഞ്ഞ് എന്ന് ഒരു അച്ഛനു തോന്നുന്ന വാത്സല്യം. വേര്‍പെടുത്താനാവാത്ത ആത്മബന്ധം തന്നെ വളര്‍ന്നിരുന്നു. അപ്പോഴാണ് അത് കൈവിട്ടുപോകുന്നത്. ജോലിയില്ലാതായതോടെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഏതെങ്കിലും കെ എസ് ആര്‍ ടി സി ബസിലായി രാത്രി ഉറക്കം. രാവിലെ എണീറ്റ് ന്യൂ തീയേറ്ററിനു സമീപത്തെ പൊതു കക്കൂസില്‍പോയി പ്രാഥമിക കാര്യങ്ങളൊക്കെ നിര്‍വഹിയ്ക്കും.

അന്നൊക്കെ രാവിലെ തിരുവനന്തപുരത്തെ വി ട്രാക്സ് സ്റ്റുഡിയോയുടെ മുമ്പില്‍ പോയിരിയ്ക്കും. ആരെങ്കിലും 50 രൂപയൊക്കെ തരും. എന്നാല്‍ ആ പണം മടക്കിനല്‍കി, അവരോട് ഒരു രണ്ട് രൂപ മാത്രം ആവശ്യപ്പെടും. എന്നിട്ട് പകല്‍ മുഴുവന്‍ പട്ടിണി നടക്കും. വൈകിട്ട് ഇഡ്ഡലിയോ ദോശയോ കഴിയ്ക്കും. ഈ സമയം എന്റെ സുഹൃത്തുക്കള്‍ അവിടെ എല്ലാ സ്റ്റുഡിയോകളിലും പറഞ്ഞുവെച്ചിരുന്നു, ഒരു പെന്റക്സ് ക്യാമറ ലഭിച്ചാല്‍ അറിയിക്കണമെന്ന്. പകല്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലും പള്ളികളുടെ മുന്നിലുമൊക്കെ പോവും. എന്നിട്ട് "എല്ലാവരുടെയും പ്രാര്‍ഥന കേട്ടു കഴിയുമ്പോള്‍ എന്റെ കാര്യം കൂടി പരിഗണിക്കണേ" എന്നൊക്കെ പറയും. പലപ്പോഴും ഒരു സിനിമയിലെ രംഗങ്ങള്‍ പോലെയാണ് ജീവിതം കടന്നുപൊയ്ക്കൊണ്ടിരുന്നത്. ഏതുകാര്യത്തിലും ഒരു നര്‍മ്മമുണ്ടെന്ന് പറയുന്നതുപോലെ ഇതിനിടെയിലുണ്ടായ പല സംഭവങ്ങളും ഒരുതരം കോമഡി പോലെയായിരുന്നു.

വി ട്രാക്സ് സ്റ്റുഡിയോയില്‍വന്നിരുന്ന ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നോട് പറഞ്ഞു, 'നിന്റെ ക്യാമറ തിരിച്ചുകിട്ടും, ഒരു വഴിയുണ്ട്'. ആ ചേച്ചി എന്നെയും കൊണ്ട് ഒരു ആള്‍ദൈവത്തിന്റെ അടുത്തേക്കാണ് പോയത്. അവിടെ ചെന്നപ്പോള്‍ നിറയെ പുകയും പൂക്കളുമൊക്കെയായി ഒരു തരം അന്തരീക്ഷം. എന്നെ അടുത്ത് വിളിച്ചിട്ട് ആ 'പെണ്‍ദൈവം' എന്നോട് കുറേ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പറഞ്ഞിട്ട്, ഇതില്‍തുടങ്ങുന്ന ഒരു പേരുകാരനാണ് ഇതുകൊണ്ടു പോയതെന്നൊക്കെ പറഞ്ഞു. ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു "എനിയ്ക്ക് ഈ പേരുകാരെ ആരെയും അറിയില്ല". അതോടെ അവര്‍ പറഞ്ഞു, "മകന്‍ പേടിക്കേണ്ട, ക്യാമറ തിരിച്ചുകിട്ടും". ഇതൊക്കെ കണ്ടുംകേട്ടും ഞാന്‍ അവിടെനിന്ന് പോന്നു. ഇങ്ങനെ കുറെയേറെ സംഭവങ്ങള്‍, കുറെ ആളുകള്‍, ബന്ധങ്ങളൊക്കെയായി ജീവിതം മുന്നോട്ടുപോയി. അത്തരമൊരു ദിനത്തില്‍ സിനിമയുടെ ക്ലൈമാക്സ് രംഗം പോലൊരു സംഭവം നടന്നു.

ഒരു ദിവസം കിഴക്കേ കോട്ട ബസ് സ്റ്റാന്‍ഡിലിരിക്കുകയാണ് ഞാന്‍. നന്നായി വിശക്കുന്നുണ്ട്. അപ്പോഴാണ് പോള്‍ എന്ന എന്റെ ഒരു സുഹൃത്ത് ആ വഴി വന്നത്. എന്റെ സീനിയറായി ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പഠിച്ചയാളാണ്. ഞാന്‍ ഓടിപ്പോയി അയാളുടെയടുത്ത് എത്തി പറഞ്ഞു, എനിയ്ക്ക് കഴിയ്ക്കാന്‍ എന്തെങ്കിലും വാങ്ങിത്തരണമെന്ന്. അയാള്‍ എനിക്ക് വയര്‍ നിറച്ച് ആഹാരം വാങ്ങി തന്നു. ജീവിതത്തില്‍ ആദ്യമായി ഏറ്റവും രുചികരമായി ഞാന്‍ ഭക്ഷണം കഴിച്ചത് അന്നായിരുന്നു. ഒരുപക്ഷേ ഏറ്റവും ആര്‍ത്തിയോടെയും...

അടുത്ത പേജില്‍: ജീവിതത്തിന് ദൈവം തന്ന ക്ലൈമാക്സ്



PRO
PRO
ഇതിനു തുടര്‍ച്ചയായി നടന്ന സംഭവങ്ങളെല്ലാം ഒരു കഥ പോലെയായിരുന്നു. ദൈവം എനിക്ക് ഭക്ഷണം തന്നു. അതും കഴിച്ച് സന്തോഷത്തോടെ വി ട്രാക്സ് സ്റ്റുഡിയോയില്‍ ചെന്നപ്പോളാണ് സാബാ സ്റ്റുഡിയോയില്‍ ഒരു പെന്റക്സ് ക്യാമറ വില്‍ക്കാന്‍ ഒരു പൊടിമീശക്കാരന്‍ പയ്യനെത്തിയെന്നും ക്യാമറ എന്റെയാണോയെന്ന് സംശയമുണ്ടെന്നുമുള്ള വിവരം ഞാനറിയുന്നത്. ഇതറിഞ്ഞ് അഞ്ചു കിലോമീറ്ററോളം ഓടി സാബാ സ്റ്റുഡിയോയിലെത്തി. സോള്‍വറിന്റെ ക്യാമറ ബാഗായിരുന്നുവെന്നൊക്കെ കേട്ടപ്പോള്‍ എന്റെ ക്യാമറയാണെന്ന് തോന്നി. അവന്‍ സ്റ്റുഡിയോയില്‍ പറഞ്ഞത് ഒരു ട്രാവല്‍‌സില്‍ ജോലി ചെയ്യുകയാണെന്നും, ബസില്‍ നിന്നാണ് ക്യാമറ കിട്ടിയതെന്നുമൊക്കെയാണ്. ആ ട്രാവല്‍‌സില്‍ ഞാന്‍ തിരക്കിയപ്പോള്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ഇതു കേട്ടപ്പോള്‍ എനിയ്ക്ക് സംശയമായി.

തിരിച്ച് ഞാന്‍ ഒരു സൈക്കിളെടുത്ത് വേഗത്തില്‍ ചവിട്ടി ബാഗ് വെച്ചിരിയ്ക്കുന്ന വി ട്രാക്സ് സ്റ്റുഡിയോയില്‍ എത്തി. എന്റെ കൈയില്‍ ഷൂട്ടിംഗ് സെറ്റില്‍നിന്ന് എടുത്ത കുറേ ഫോട്ടോകളുണ്ട്. അതുമായി ഞാന്‍ വീണ്ടും സാബാ സ്റ്റൂഡിയോയിലെത്തി. അത് കണ്ടപ്പോള്‍ അതിലൊന്നില്‍ ക്യാമറയുമായി വന്ന പയ്യനുമുണ്ടെന്ന് സ്റ്റുഡിയോയിലെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു. ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന സൈറ്റിലെ ലൈറ്റ് മാനായിരുന്നു അവന്‍. അവന്‍ കയറിപ്പോയ ബസ് ഒക്കെ സ്റ്റുഡിയോയിലെ ക്യാമറ അസിസ്റ്റന്റുമാര്‍ നോക്കി വെച്ചിട്ടുണ്ട്. അവനെ ഞങ്ങള്‍ പൊക്കികൊണ്ടു വരാമെന്ന് പറഞ്ഞ് അവര്‍ അവന്റെ പിന്നാലെ പോയി. ക്യാമറ അവനില്‍നിന്ന് വാങ്ങിക്കൊണ്ടു എന്റെ സുഹൃത്തുക്കള്‍ വരുന്ന രംഗം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ഓട്ടോയില്‍ വരുന്ന സുഹൃത്തുക്കള്‍, ഒരു കാല്‍ കിലോമീറ്റര്‍ അപ്പുറം മുതല്‍ എന്നെ കണ്ടപ്പോള്‍ ക്യാമറ പുറത്തെടുത്ത് ക്ലിക് ചെയ്തു കൊണ്ടേയിരുന്നു. ഇതുകണ്ട് നിലത്തിരുന്നു കരഞ്ഞു ഞാന്‍. നഷ്ടപ്പെട്ടുപോയ മകനെ തിരിച്ചുകിട്ടിയ പോലെ ഒരു തരം വൈകാരികതയായിരുന്നു മനസില്‍.

ക്യാമറ മോഷ്ടിച്ച അവനെ എന്തുചെയ്യണമെന്ന് ചോദിച്ചു സുഹൃത്തുക്കള്‍. ഒന്നും വേണ്ട, ചെയ്തു തന്നതിനൊക്കെ നന്ദിയെന്ന് പറഞ്ഞ് അവിടെനിന്ന് തിരിച്ചു നടന്നു. എന്റെ സുഹൃത്തുക്കള്‍ സന്തോഷത്തിലായിരുന്നു, രാവേറെ ചെല്ലുവോളം പാട്ടും മേളവുമൊക്കെയായി ഒരു പാര്‍ട്ടി തന്നെ ഒരുക്കി. പിറ്റേന്ന് അവര്‍ എനിയ്ക്ക് 150 രൂപ തന്നു. ഇനി മര്യാദയ്ക്ക് എന്തെങ്കിലും ജോലിയൊക്കെയായി ജീവിക്കാമെന്നായി എന്റെ ചിന്ത. സിനിമയെന്നുള്ള ചിന്തയൊക്കെ പൂട്ടിക്കെട്ടി വണ്ടികയറി. ഇനിയൊരിക്കല്‍ സിനിമയാകും എന്റെ ലോകമെന്നുള്ള വിദൂരസ്വപ്നം പോലുമില്ലാതെയായിരുന്നു വീട്ടിലേക്കുള്ള മടങ്ങിപ്പോക്ക്. ഫ്രെയിം ടു ഫ്രെയിം ഒരു തിരക്കഥ പോലെയായിരുന്നു ഈ സംഭവങ്ങളത്രയും. അങ്ങനെ വീണ്ടും കല്യാണവര്‍ക്കിനു പോയി തുടങ്ങി.

കല്യാണവര്‍ക്കിന് പോയി എനിയ്ക്ക് ആദ്യം ലഭിച്ച പ്രതിഫലം 2000 രൂപയാണ്. അത് അച്ഛനെ ഏല്‍പ്പിച്ചു. ഇത്രയും കാലം കഷ്ടപ്പെട്ടില്ലേ? ഇതു നീ സമ്പാദിച്ച പണമാണ്, നീ തന്നെ ചെലവിട്ടോയെന്ന് പറഞ്ഞു കൈയില്‍ തിരികെ നല്‍കി. പിന്നെ വര്‍ക്കുകള്‍ കൂടുതല്‍ കിട്ടിത്തുടങ്ങി. സിനിമ ഒരു മോഹമായപ്പോള്‍ പണം സൂക്ഷിച്ചുവെച്ചു തുടങ്ങി. എന്റെ അച്ഛനും സുഹൃത്ത് വിനോദും 10,000 രൂപ വീതം തന്നു. അന്ന് ആ പണം തന്നിട്ട് വിനോദ് എന്നോട് പറഞ്ഞു, ’എന്നെങ്കിലും നീ വളര്‍ന്ന് വലുതായി സിനിമയിലെത്തി ധാരാളം പണം സമ്പാദിക്കുമ്പോള്‍ എനിക്ക് ഇത് തിരിച്ചു തന്നാല്‍ മതി‘. അതൊരു പ്രചോദനമായിരുന്നു. മുന്നോട്ടുള്ള ജീവിതത്തിന് എന്റെ സുഹൃത്ത് നല്‍കിയ ഊര്‍ജം.

അങ്ങനെ ഷോര്‍ട്ട് ഫിലിം എടുക്കാന്‍ തീരുമാനിച്ചു. ആ ഷോര്‍ട്ട് ഫിലിം സംസ്ഥാന തലത്തില്‍ മികച്ച എക്സ്പിരിമെന്റല്‍ ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു. അത്യാവശ്യം ക്യാമറയൊക്കെ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാം. അപ്പോള്‍ അതുകൊണ്ട് എന്തെങ്കിലും ചെയ്യുക. അതായിരുന്നു ഷോര്‍ട്ട് ഫിലിം എടുക്കാനുള്ള കാരണം. ഇപ്പോഴത്തെ പ്രശസ്ത എഡിറ്ററാ‍യ മനോജായിരുന്നു ഫിലിമിന്റെ എഡിറ്റര്‍. എന്തായാലും മുന്‍പോട്ട് ഒരു ചുവട് വെക്കാന്‍ ആത്മവിശ്വാസം തന്നു ആ ഷോര്‍ട്ട് ഫിലിമിന് ലഭിച്ച അംഗീകാരം.

അടുത്ത പേജില്‍: അനുഭവങ്ങളുടെ ദേവരാഗം





PRO
PRO
ഇതിനിടെ ഒറ്റപ്പാലത്ത് ദേവരാഗത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതായി കേട്ടു. ചിത്രത്തിന്റെ ക്യാമറമാന്‍ വേണുവാണെന്ന ധാരണയില്‍ അദ്ദേഹത്തെ കാണാന്‍ അവിടെയെത്തി. മുമ്പ് അദ്ദേഹത്തിന്റെ കുറേ സ്റ്റില്‍സ് ഞാന്‍ എടുത്തിരുന്നു. അത് നല്‍കാനും ഒപ്പം ഒരു ചാന്‍സും മോഹിച്ചായിരുന്നു ആ യാത്ര. അവിടെയെത്തി ഞാന്‍ വിവരം തിരക്കി. അപ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍നിന്ന് ഒരാള്‍ പറഞ്ഞു, വേണുസാര്‍ അല്ല രവി യാദവ് എന്നയാളാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ഞാന്‍ പതിയെ അവിടെനിന്ന് പോരാന്‍ തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു, വല്ലതും കഴിച്ചോ? ഞാന്‍ കഴിച്ചുവെന്ന് പറഞ്ഞു. അദ്ദേഹം എന്റെ കൈയില്‍ നിന്ന് ഫോട്ടോയൊക്കെ വാങ്ങിനോക്കി. അപ്പോള്‍ അദ്ദേഹം ചോദിച്ചു, രവി യാദവിന്റെ അസിസ്റ്റായി നില്‍ക്കാന്‍ താല്പര്യമുണ്ടോയെന്ന്. അങ്ങനെയെങ്കില്‍ പിറ്റേന്ന് ഹോട്ടലില്‍ ചെല്ലാന്‍ പറഞ്ഞു. ഞാനെത്താമെന്ന് മറുപടി നല്‍കി. ഹോട്ടലില്‍ എത്തി ആരെ തിരക്കണമെന്ന് ചോദിച്ചു. അവിടെയെത്തി സെവന്‍ ആര്‍ട്ട്സ് മോഹനനെ കാ‍ണണമെന്ന് പറഞ്ഞാല്‍ മതിയെന്നു പറഞ്ഞു. അന്ന് പ്രശസ്തനായ പ്രൊഡക്ഷന്‍ മാനേജരാണ് അദ്ദേഹമെന്നൊന്നും എനിക്കറിയില്ല.

പിറ്റേന്ന് ഹോട്ടലിലെത്തിയപ്പോള്‍ രവി യാദവിന്റെ അടുത്ത് കൂട്ടിക്കൊണ്ടു പോയി, ഇതെന്റെ സുഹൃത്താണ്. അസിസ്റ്റന്റായി നില്‍ക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞു മോഹനേട്ടന്‍. അങ്ങനെ സിനിമയില്‍ ഹരിശ്രീ കുറിക്കുകയായിരുന്നു ഞാന്‍. രവി യാദവ് സാറിന്റെ സെറ്റ് അതുവരെ ഞാന്‍ മനസിലാക്കിയ ലോകത്ത് നിന്ന് വിഭിന്നമായ ഒന്നായിരുന്നു. തികച്ചും പ്രൊഫഷണലായ വര്‍ക്ക് പഠിക്കുന്നത് അവിടം മുതലാണ്. രണ്ടു ദിവസം എല്ലാം കണ്ടു പഠിച്ചു. മൂന്നാം ദിവസം മുതല്‍ വര്‍ക്ക് ചെയ്ത് തുടങ്ങി. അതൊരു അനുഭവമായിരുന്നു. ഭരതന്‍ സാറിന്റെ പടം, ശ്രീദേവിയും അരവിന്ദ് സ്വാമിയും നായികാനായകന്മാര്‍. അവര്‍ വ്യത്യസ്തമായ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് എനിയ്ക്ക് തോന്നി. അതു കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ പ്രേരകമായി. ഇതിനിടെ ഷൂട്ടിംഗ് ഊട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്തു. മോഹനേട്ടന്റെ ശുപാര്‍ശയോടെ എന്നെയും കൂട്ടി. അങ്ങനെ ജീവിതത്തില്‍ ഒരു സിനിമയുടെ അണിയറയിലെ പ്രവര്‍ത്തകനായി. പിന്നീട് സിനിമയില്‍ ഛായാഗ്രഹകനായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹനേട്ടനെ കാണുന്നത്.

ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് പിന്നീട് അദ്ദേഹം എന്നെ വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ചോദിച്ചു, അറിയുക പോലുമില്ലാതിരുന്ന എന്നെ എന്തടിസ്ഥാനത്തിലാണ് സുഹൃത്താണെന്ന് പറഞ്ഞ് അസിസ്റ്റന്റാക്കിയത്? അദ്ദേഹം പറഞ്ഞു, "ഒരാളെ കാണുമ്പോള്‍ എനിയ്ക്ക് അറിയാം, എന്തെങ്കിലും കഴിവുള്ളയാളാണോയെന്ന്. അങ്ങനെ പലരെയും ഞാന്‍ സിനിമയ്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്". ആ വലിയ മനസാണ് എന്നെയും സെല്ലുലോയ്ഡില്‍ വ്യാകരണം രചിക്കുന്ന ഛായാഗ്രഹകനാക്കിയത്. ഈ അനുഭവങ്ങളിലൂടെ ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ട്, നമ്മുടെ ജീവിതത്തില്‍ വന്നുചേരുന്ന ആരും അപ്രസക്തരല്ല. അവര്‍ ഒരു പക്ഷേ നമ്മുടെ രക്ഷകരാ‍കാം, ശത്രുക്കളാവാം, മിത്രങ്ങളാവാം. അവര്‍ക്കെല്ലാം നമ്മുടെ ജീവിതത്തില്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനം ചെലുത്താനാവും. (തുടരും)

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്