ഷാരുഖ് വിഷയം: സംസ്കാരമുള്ളവര്‍ യോജിക്കില്ലെന്ന് പൃഥ്വി

വെള്ളി, 6 നവം‌ബര്‍ 2015 (20:01 IST)
ബോളിവുഡ് ഇതിഹാസതാരം ഷാരുഖ് ഖാനെതിരെ ബി ജെ പി നേതാക്കള്‍ നടത്തുന്ന വിവാദപ്രസ്താവനകളെ തള്ളിപ്പറഞ്ഞ് മലയാളത്തിന്‍റെ കിംഗ് സ്റ്റാര്‍ പൃഥ്വിരാജ്. കലാകാരന്‍‌മാര്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങളോട് സംസ്കാരമുള്ളവര്‍ക്ക് ഒരു കാരണവശാലും യോജിക്കാനാവില്ലെന്ന് പൃഥ്വി പറയുന്നു.
 
ഷാരുഖ് ഖാന്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്. കലാകാരന്‍‌മാര്‍ രാജ്യം വിട്ടുപോകണമെന്ന് പറയുന്നത് മണ്ടത്തരമാണെന്ന് പൃഥ്വി വ്യക്തമാക്കി.
 
ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന പ്രൊജക്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കുവൈത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വി ഇങ്ങനെ പ്രതികരിച്ചത്. എന്ന് നിന്‍റെ മൊയ്തീന് ശേഷം തനിക്ക് ലഭിക്കുന്ന മികച്ച ചിത്രമായിരിക്കും ആടുജീവിതമെന്ന് പൃഥ്വി പറഞ്ഞു.
 
എന്നാല്‍ ബ്ലെസിയും പൃഥ്വിരാജും ഈ സിനിമ ആരംഭിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ചില വലിയ പ്രശ്നങ്ങളുണ്ട്. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി പൃഥ്വിരാജിന്‍റെ ശരീരഭാരം 20 കിലോയോളം കുറയ്ക്കേണ്ടിവരും. പൃഥ്വിയുടെ ഇപ്പോഴത്തെ തിരക്കുപിടിച്ച ഷെഡ്യൂളുകള്‍ക്കിടയില്‍ ഇത്തരമൊരു വലിയ മാറ്റം സാധ്യമാകുമോ എന്നതാണ് ഒരു പ്രശ്നം. പൃഥ്വി വല്ലാതെ മെലിയാന്‍ തീരുമാനിച്ചാല്‍ അത് അദ്ദേഹത്തിന്‍റെ മറ്റ് പ്രൊജക്ടുകളെ ബാധിക്കും. ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് മറ്റ് സിനിമകള്‍ ചെയ്യാന്‍ പൃഥ്വിക്ക് കഴിഞ്ഞെന്നുവരില്ല. 2018 അവസാനം വരെ പൃഥ്വിയുടെ ഡേറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന നിര്‍മ്മാതാക്കളും സംവിധായകരും ആടുജീവിതം യാഥാര്‍ത്ഥ്യമായാല്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുമെന്ന് തീര്‍ച്ച.
 
മറ്റൊരു പ്രധാന പ്രശ്നം, ആടുജീവിതത്തിന്‍റെ കണ്ടന്‍റുമായി ബന്ധപ്പെട്ടാണ്. കമല്‍ സംവിധാനം ചെയ്ത ‘ഗദ്ദാമ’ എന്ന ചിത്രം ആടുജീവിതത്തിന് വില്ലനാകുമോ എന്നാണ് ചിന്തിക്കാനുള്ളത്. ഒരര്‍ത്ഥത്തില്‍ ആടുജീവിതം തന്നെയല്ലേ ഗദ്ദാമ എന്നാണ് ഉയരുന്ന ചോദ്യം. ആടുജീവിതത്തിലെ നായകന്‍ അഭിമുഖീകരിക്കുന്ന ഏതാണ്ടെല്ലാ ജീവിതാവസ്ഥകളിലൂടെയും ഗദ്ദാമയിലെ നായികാകഥാപാത്രമായ അശ്വതിയും കടന്നുപോകുന്നുണ്ട്. അവള്‍ ഒരടിമയായി ജീവിക്കുന്നുണ്ട്. അവളും മരുഭൂമിയില്‍ ഒറ്റപ്പെട്ട് ദുരിതമനുഭവിക്കുന്നുണ്ട്. ആടുജീവിതത്തില്‍ ഒരു നായകന്‍ അനുഭവിക്കുന്ന ജീവിത ദുരിതങ്ങള്‍ അതിനേക്കാള്‍ തീവ്രമായി ഒരു സ്ത്രീ അനുഭവിക്കുന്നതായി ഗദ്ദാമയില്‍ കാണിച്ചുകഴിഞ്ഞു. പൃഥ്വിരാജിനെപ്പോലെ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന്‍ മരുഭൂമിയില്‍ അലയുന്നതിന് ഇനിയെന്ത് പുതുമ എന്നതാണ് ചോദ്യം.
 
ഗദ്ദാമയെ വെല്ലുന്ന രീതിയില്‍ ആടുജീവിതത്തെ അവതരിപ്പിക്കാനുള്ള വഴി തുറന്നുകിട്ടുക എന്നതാണ് ബ്ലെസിയുടെ മുമ്പിലുള്ള വെല്ലുവിളി. ധനുഷ് അഭിനയിച്ച ‘മരിയാന്‍’ എന്ന തമിഴ് ചിത്രവും സമാനമായ ജീവിതാനുഭവങ്ങളുടെ കഥയാണ്. വേറൊരു പ്രശ്നം ബജറ്റാണ്. ആ‍ടുജീവിതം എന്ന നോവലിന്‍റെ വിശാലമായ ക്യാന്‍‌വാസ് സിനിമയായി മാറുമ്പോള്‍ നിലവിലെ അവസ്ഥയില്‍ 30 കോടിക്കുമേല്‍ ബജറ്റ് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യമോ പ്രേമമോ ബാംഗ്ലൂര്‍ ഡെയ്സോ പോലെ വമ്പന്‍ ഹിറ്റായില്ലെങ്കില്‍ മലയാളത്തില്‍ നിന്നുമാത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവില്ല. എന്നാല്‍ അത്രയൊന്നും നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളെ വരച്ചിട്ട ‘എന്ന് നിന്‍റെ മൊയ്തീന്‍’ 35 കോടിയിലേറെ കളക്ഷന്‍ നേടി മുന്നേറുന്നതാണ് ആടുജീവിതത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം പകരുന്ന ഒരു വസ്തുത.
 
രണ്ടുമൂന്ന് ഭാഷകളിലായി ഈ സിനിമ നിര്‍മ്മിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ഗള്‍ഫ് ജീവിതത്തിന്‍റെ നിറവും നിറമില്ലായ്മയും മലയാളികളെപ്പോലെ മറ്റുള്ള നാട്ടുകാര്‍ക്ക് മനസിലായിക്കൊള്ളണമെന്നില്ലല്ലോ.

വെബ്ദുനിയ വായിക്കുക