ലാലിനൊപ്പമുള്ള അഭിനയം ബഹുമതി: ഗണേഷ്

Webdunia
തിങ്കള്‍, 4 ജനുവരി 2010 (18:38 IST)
PRO
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് ബഹുമതിയാണെന്ന് തമിഴ് യുവതാരം ഗണേഷ് വെങ്കിട്ടരാമന്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’യില്‍ ഒപ്പം അഭിനയിക്കാനായി മോഹന്‍ലാല്‍ തന്നെയാണ് ഗണേഷിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. മഹാനടന്‍ വിളിച്ചതും ‘അഭിനയിക്കാന്‍ നൂറുവട്ടം സമ്മത’മാണെന്ന് ഗണേഷ് പറയുകയും ചെയ്തു.

“ഇത് ഒരു ബഹുമതിയാണ്. മോഹന്‍ലാല്‍ ഒരു വലിയ മനുഷ്യനാണ്” - ഗണേഷ് വെങ്കിട്ടരാമന്‍ പ്രതികരിച്ചു. പ്രകാശ് രാജിനൊപ്പം അഭിനയിച്ച ‘അഭിയും നാനും’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ഗണേഷ് വെങ്കിട്ടരാമന്‍ ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി ‘അഭിയും നാനും’ കന്നഡ റീമേക്ക് ഗണേഷ് വേണ്ടെന്നു വച്ചു.

ഇതു രണ്ടാം തവണയാണ് മോഹന്‍ലാലിനൊപ്പം ഗണേഷ് സ്ക്രീന്‍ പങ്കിടുന്നത്. തമിഴ് സൂപ്പര്‍ഹിറ്റായ ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന ചിത്രത്തിലും ലാലിനും കമലഹാസനുമൊപ്പം ഗണേഷ് തകര്‍ത്തഭിനയിച്ചിരുന്നു. ആ ചിത്രത്തിലെ പ്രകടനം കണ്ടിട്ടാണ് ഗണേഷിനെ മോഹന്‍ലാല്‍ കാസനോവയിലേക്ക് ക്ഷണിച്ചത്.

തമിഴ് താരം ആര്യയായിരുന്നു കാസനോവയില്‍ അഭിനയിക്കാനിരുന്നത്. എന്നാല്‍ ആര്യ പിന്‍‌മാറിയതോടെ പല യുവതാരങ്ങളെയും റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും പരിഗണിച്ചു. പൃഥ്വിരാജ്, ഭരത്, നരേന്‍ തുടങ്ങിയവരെ ആലോചിച്ചതിന് ശേഷമാണ് ഗണേഷ് വെങ്കിട്ടരാമനെ ക്ഷണിക്കാന്‍ കാസനോവ ടീം തീരുമാനിച്ചത്.

മലയാളം സൂപ്പര്‍ഹിറ്റ് ‘പാസഞ്ചര്‍’ തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ ദിലീപ് അവതരിപ്പിച്ച അഭിഭാഷകനെ ഗണേഷാണ് പുനരാവിഷ്കരിക്കുന്നത്.

വാല്‍ക്കഷണം: കാസനോവയില്‍ മോഹന്‍ലാലിനൊപ്പം തമിഴ് യുവതാരം ഗണേഷ് വെങ്കിട്ടരാമന്‍ അഭിനയിക്കുന്നു‍. തമിഴില്‍ നിന്നെത്തിയ ശന്തനുവിനൊപ്പം അഭിനയിച്ച എയ്ഞ്ചല്‍ ജോണിന്‍റെ അവസ്ഥ ആവര്‍ത്തിക്കാതിരുന്നാല്‍ മതി!