മോഹന്‍ലാലും മമ്മൂട്ടിയും തുല്യര്‍: എം ടി

Webdunia
തിങ്കള്‍, 15 ജൂലൈ 2013 (16:48 IST)
PRO
മോഹന്‍ലാലും മമ്മൂട്ടിയും തുല്യരാണെന്ന് മലയാളത്തിന്‍റെ മഹാനായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍. രണ്ടുപേരും വലിയ കലാകാരന്‍‌മാരാണെന്നും ഒരാള്‍ മറ്റൊരാള്‍ക്ക്‌ മീതെയെന്നോ താഴെയെന്നോ പറയാനാവില്ലെന്നും എം ടി പറയുന്നു. മനോരമയുടെ വാരാന്ത്യപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് എം ടി പറയുന്നത്.

അതേസമയം, എം ടിക്ക് മമ്മൂട്ടിയോടാണ് കൂടുതല്‍ പ്രിയമെന്ന് ഏവര്‍ക്കും തോന്നാറുമുണ്ട്. എം ടിയുടെ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതും മമ്മൂട്ടിക്കാണ്. എം ടിയുടെ ചന്തുവും പഴശ്ശിരാജയും മമ്മൂട്ടിയായിരുന്നു.

“മമ്മൂട്ടിയെ ആദ്യം സിനിമയില്‍ കൊണ്ടുവന്നത്‌ ഞാനാണ്‌. അതിനുശേഷം എന്‍റെ തിരക്കഥയില്‍ അഭിനയിക്കുമ്പോഴൊക്കെ മമ്മൂട്ടിയുമായി കൂടുതല്‍സമയം ചെലവഴിച്ചിട്ടുണ്ട്‌. ഒരു വടക്കന്‍ വീരഗാഥയുടെയും പഴശ്ശിരാജയുടെയും ഒക്കെ ചിത്രീകരണസമയത്ത്‌ കൂടുതല്‍ സമയം ഒന്നിച്ച്‌ ചെലവഴിക്കാനായി” - എം ടി പറയുന്നു.

അതേസമയം, മോഹന്‍ലാലിനും എം ടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. പഞ്ചാഗ്നി, താഴ്വാരം, സദയം, അമൃതം ഗമയ, ഉയരങ്ങളില്‍ തുടങ്ങിയ ഉദാഹരണം.

“ലാലുമായും എനിക്ക് നല്ല അടുപ്പംതന്നെ. കൂടുതല്‍സമയം ഞാന്‍ ആദ്യകാലത്ത്‌ ചെലവഴിച്ചത്‌ മമ്മൂട്ടിയുടെ കൂടെയാണെന്നു മാത്രം. അമൃതംഗമയ, സദയം, താഴ്‌വാരം എന്നിവയുടെയൊക്കെ ചിത്രീകരണ സമയത്ത്‌ ഞാനും ലാലും വളരെയേറെ ദിവസം ഒന്നിച്ചുണ്ടായിരുന്നു. ലാലിനെയും മമ്മൂട്ടിയെയും ഞാന്‍ കാണുന്ന അവസരങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാവാം. ലാലും ഞാനും കാണുന്നത്‌ അപൂര്‍വമാണെന്നു മാത്രം” - എം ടി വ്യക്തമാക്കുന്നു.