ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന സംവിധായകന്‍ തന്നെയാണ് പ്രിയദര്‍ശന്‍. എന്നാല്‍ അവര്‍ക്ക് വലിയ മെഗാഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല എന്ന പരാതിയും ദുഃഖവും പ്രിയനുണ്ട്.
“ന്യൂ ജനറേഷന്‍ സിനിമകളുടെ കൂട്ടത്തില്‍ നിന്ന് ഒരു സൂപ്പര്‍ഹിറ്റ് സിനിമ ഉണ്ടാകുന്നില്ല. ഈ ന്യൂ ജനറേഷന്‍ സിനിമകളില്‍ മണിച്ചിത്രത്താഴ് പോലെ വീണ്ടും വീണ്ടും നാം കാണാന്‍ ആഗ്രഹിക്കുന്ന ഒരു സൂപ്പര്‍ഹിറ്റ് ചിത്രമുണ്ടോ? ഇക്കൂട്ടത്തില്‍ ആകെ ഒരു സൂപ്പര്‍ഹിറ്റ് തട്ടത്തിന്‍ മറയത്ത് മാത്രമാണ്. മനസില്‍ തങ്ങി നില്‍ക്കുന്ന, സെന്‍സേഷന്‍ ഉണ്ടാക്കുന്ന ഒരു സിനിമ ഇന്ന് ഉണ്ടാകുന്നില്ല എന്നത് നിരാശ നല്‍കുന്നു” - പ്രിയദര്‍ശന്‍ പറയുന്നു.
“മലയാള സിനിമയുടെ ഇന്നലെകളിലേക്ക് നോക്കിയാല്‍ വന്‍ ഹിറ്റുകള്‍ സംഭാവന ചെയ്ത സംവിധായകര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഐ വി ശശി, ഹരിഹരന്‍, ഫാസില്‍, സിദ്ദിക്ക്-ലാല്‍ തുടങ്ങി ലാല്‍ ജോസ് വരെയുള്ള സംവിധായകര്‍ എത്രയോ സൂപ്പര്‍ഹിറ്റുകള്‍ സംഭാവന ചെയ്തു. തുടര്‍ച്ചയായി ആ മേധാവിത്തം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ന്യൂ ജനറേഷനില്‍ എത്രപേര്‍ക്ക് അങ്ങനെയൊരു വിജയം അവകാശപ്പെടാന്‍ കഴിയും? ചെറിയ ചലനങ്ങളേ ഇന്നുണ്ടാകുന്നുള്ളൂ. വലിയ റെവല്യൂഷന്‍ ഉണ്ടാകുന്നില്ല” - പ്രിയദര്‍ശന്‍ വ്യക്തമാക്കി.
“മിക്ക സംവിധായകരും വണ്‍ ടൈം വണ്ടര്‍ സൃഷ്ടിക്കുന്നവരാണ്. ട്രാഫിക്കിന്‍റെ സംവിധായകന് അതുപോലെ മികച്ച മറ്റൊന്ന് ഉണ്ടാക്കാന്‍ കഴിയുന്നില്ല. പുതിയ സംവിധായകര്‍ക്ക് ജീവിതാനുഭവങ്ങളില്ലാത്തതാണ് ഒന്നാമത്തെ കാരണം. സാഹിത്യവുമായി ബന്ധമില്ല. വായന വളരെ കുറവ്. എന്‍റെ തലമുറയിലെ സംവിധായകര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ കൂടിയാണ് സിനിമയിലൂടെ പങ്കുവച്ചത്. പുതിയ സംവിധായകര്‍ സിനിമയെ ഗൌരവത്തോടെ കാണുന്നില്ല. വളരെ ഉദാസീനമായാണ് അവര്‍ സിനിമയെ സമീപിക്കുന്നത്” - ചിത്രഭൂമിയുടെ അവസാന ലക്കത്തിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി.