മനോജ് കെ ജയന്‍ പുനര്‍വിവാഹത്തിന്

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2009 (16:14 IST)
PRO
മനോജ് കെ ജയന്‍ പുനര്‍വിവാഹത്തിനൊരുങ്ങുന്നു. ഉര്‍വശിയുമായുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നടന്നുവരവേയാണ് മറ്റൊരു വിവാഹത്തിന് മനോജ് ഒരുങ്ങുന്നത്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ തന്നെയാണ് തന്‍റെ പുനര്‍വിവാഹം സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. വിവാഹം ഉടനുണ്ടാകുമെന്ന് തന്നെയാണ് മനോജ് നല്‍കുന്ന സൂചന.

“ഇങ്ങനെ നടന്നാല്‍ പറ്റില്ല, മറ്റൊരു വിവാഹം കഴിക്കണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നിര്‍ബന്ധിക്കുന്നു. എന്‍റെ അച്ഛനും ഉര്‍വശിയുടെ അമ്മയും അങ്ങനെ നിര്‍ബന്ധിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. മോള്‍ കുഞ്ഞാറ്റയ്ക്ക് ഇപ്പോള്‍ പത്തു വയസായി. കല്യാണം കഴിക്കുന്നെങ്കില്‍ ഉടന്‍ ആകാമെന്നാണ് കരുതുന്നത്” - മനോജ് വെളിപ്പെടുത്തുന്നു.
PRO


എന്നാല്‍ ഇനിയും സിനിമയില്‍ നിന്ന് ഒരാളെ വിവാഹം കഴിക്കാന്‍ മനോജിന് ആഗ്രഹമില്ല. പ്രണയവിവാഹം ആയാലും കുഴപ്പമില്ല എന്നാണ് മനോജിന്‍റെ അഭിപ്രായം. ഉര്‍വശിയുമായി ഇനി ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നു തന്നെയാണ് മനോജ് പറയുന്നത്.

“കാന്‍സര്‍ ബാധിച്ച ശരീരഭാഗം മുറിച്ചു നീക്കുന്നത് നല്ലതിനു വേണ്ടിയാണ്. എന്‍റെ കുടുംബജീവിതത്തില്‍ അതാണ് സംഭവിച്ചത്. ആ ബന്ധം നിലനില്‍ക്കുന്നത് കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുമെന്ന് തോന്നിയപ്പോഴാണ് പിരിഞ്ഞത്. എന്‍റെയുള്ളില്‍ നന്‍‌മ ഉള്ളതുകൊണ്ടാണ് ഉര്‍വശിയെക്കുറിച്ച് ഞാന്‍ മോശമായി ഒന്നും പറയാത്തത്. ഉര്‍വശിയെ ഇനി ദൈവം രക്ഷിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ് ഞാന്‍. അതിനു മാത്രമേ എനിക്കു കഴിയൂ” - മനോജ് കെ ജയന്‍ പറയുന്നു.