പൃഥ്വിരാജ്, ധനുഷ്, വെങ്കിടേഷ് - ത്രില്ലര്‍ മാജിക്കുമായി ജീത്തു ജോസഫ്, ഈ ഓണത്തിന് കാണാം ചില കളികള്‍ !

Webdunia
തിങ്കള്‍, 18 ജനുവരി 2016 (13:35 IST)
‘ലൈഫ് ഓഫ് ജോസൂട്ടി’ കാര്യമായ ചലനം തിയേറ്ററുകളില്‍ സൃഷ്ടിച്ചില്ല. എന്നാല്‍ ജീത്തു ജോസഫ് എന്ന സംവിധായകനില്‍ പ്രേക്ഷകര്‍ ഇപ്പോഴും 110 ശതമാനം പ്രതീക്ഷ പുലര്‍ത്തുന്നു. ജീത്തുവില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു മാജിക് പ്രതീക്ഷിക്കാം. ദൃശ്യം പോലെ, മെമ്മറീസ് പോലെ.
 
വരുന്ന ഓണക്കാലത്ത് പൃഥ്വിരാജ് ചിത്രവുമായി ജീത്തു എത്തുന്നുണ്ട്. അതും ഒരു ഗംഭീര ത്രില്ലര്‍ തന്നെ. എഴുത്തുജോലികള്‍ പുരോഗമിക്കുകയാണ്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. അതുകഴിഞ്ഞാലുടന്‍ ജീത്തു അന്യഭാഷകളിലേക്ക് പോകുകയാണ്. ഒരു തമിഴ് ചിത്രവും ഒരു തെലുങ്ക് ചിത്രവും.
 
തമിഴ് ചിത്രത്തില്‍ ധനുഷായിരിക്കും നായകന്‍. തെലുങ്ക് ചിത്രത്തില്‍ വെങ്കിടേഷും. “ധനുഷിനെയും വെങ്കിടേഷിനെയും ഞാന്‍ കണ്ടിരുന്നു. ആ പ്രൊജക്ടുകള്‍ക്കായുള്ള സബ്‌ജക്ടുകള്‍ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. കഥകളുടെ ഐഡിയകള്‍ ഞാന്‍ താരങ്ങളോട് പറഞ്ഞിട്ടുണ്ട്. തിരക്കഥ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാമെന്നാണ് അവരുടെ നിലപാട്” - ജീത്തു പറയുന്നു.
 
ദൃശ്യത്തിന്‍റെ തമിഴ് റീമേക്കായ ‘പാപനാശം’ ആയിരുന്നു ജീത്തു ആദ്യമായി സംവിധാനം ചെയ്ത അന്യഭാഷാ ചിത്രം.