പുതിയ താരങ്ങളെ എനിക്ക് പേടിയില്ല: ജയസൂര്യ

Webdunia
തിങ്കള്‍, 30 ജനുവരി 2012 (19:14 IST)
PRO
ആസിഫ് അലി നേരിടുന്ന വിലക്കുഭീഷണിയെക്കുറിച്ച് ഏവരും ചര്‍ച്ച ചെയ്യുന്ന സമയമാണ് ഇത്. പുതിയ താരങ്ങളെ ചിലരൊക്കെ ഭയപ്പെടുന്നുണ്ടെന്ന് മഹാനടനായ തിലകന്‍ പ്രസ്താവിക്കുന്നു. എന്തായാലും പുതിയ തരങ്ങള്‍ക്കെതിരെ വിലക്കുകളും മറ്റ് പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നത് ശരിയല്ലെന്ന വാദത്തിനാണ് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മുന്‍‌തൂക്കം ലഭിക്കുന്നത്.

നടന്‍ ജയസൂര്യ പറയുന്നത്, പുതിയതായി സിനിമയിലെത്തുന്ന അഭിനേതാക്കളെ തനിക്ക് ഭയമില്ല എന്നാണ്. “പുതിയ ആളുകള്‍ വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവര്‍ക്കാണ് പുതിയവര്‍ വരുമ്പോള്‍ പേടി തുടങ്ങുന്നത്. എനിക്ക് എന്‍റെ ജോലിയില്‍ വിശ്വാസമുണ്ട്. എനിക്ക് തരുന്ന വേഷം എന്നെക്കൊണ്ട് ആവുന്ന തരത്തില്‍ ഭംഗിയാക്കാമെന്ന വിശ്വാസം. ആര് വന്നാലും എനിക്ക് വിഷയമല്ല. അത് എന്നെ ബാധിക്കുന്നില്ല. മറ്റൊരാള്‍ വരുന്നല്ലോ എന്നോര്‍ത്ത് ടെന്‍‌ഷനടിച്ച് ഞാന്‍ എന്തിന് എന്‍റെ ഉറക്കം കളയണം?” - ‘കന്യക’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജയസൂര്യ പറയുന്നു.

“എനിക്ക് സ്വന്തമായ ഒരു വഴിയുണ്ട്. അനൂപ് മേനോനും ഒരു വഴിയുണ്ട്. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ഓരോ വഴികളുണ്ട്. ഒരു റോഡിലൂടെ എന്‍റെ വണ്ടി മാത്രം ഓടിയാല്‍ മതിയെന്ന് ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ? നമുക്ക് മത്സരിക്കാനെങ്കിലും ഒരാള്‍ വേണ്ടേ?” - ജയസൂര്യ ചോദിക്കുന്നു.

“എനിക്ക് അനാവശ്യമായ നിര്‍ബന്ധ ബുദ്ധിയില്ല. നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല. കൊമേഡിയനാകാം, വില്ലനാകാം, സഹനടനാകാം, എന്തും ചെയ്യാം. കുപ്പായം എനിക്ക് ചേരുന്നതാകണം എന്നുമാത്രം. എന്‍റെ സ്റ്റാര്‍ഡം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ താല്‍പ്പര്യമില്ല. ആ സമയത്ത് ഒരു നല്ല നടനാകാനാണ് ശ്രമിക്കുന്നത്. എന്‍റെ ഹീറോയിസം, എനിക്കുവേണ്ടി ഒരു പാട്ട്, ഫൈറ്റ്, ഡയലോഗ് ഇതൊന്നും ആവശ്യപ്പെടറില്ല.” - ജയസൂര്യ നയം വ്യക്തമാകുന്നു.