ഞാന്‍ മമ്മൂട്ടിക്കും ലാലിനുമൊപ്പം: ജയറാം

Webdunia
വ്യാഴം, 28 ജനുവരി 2010 (18:24 IST)
PRO
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമാണ് മലയാളത്തില്‍ തന്‍റെ സ്ഥാനമെന്ന് നടന്‍ ജയറാം. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏതു റോളും ചെയ്യുന്ന താരം താനാണെന്നും ജയറാം പറയുന്നു. ഒരു പ്രമുഖ ഇംഗ്ലീഷ് സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ജയറാം ഇങ്ങനെ പറഞ്ഞത്.

“മലയാളത്തില്‍ എന്‍റേത് സുരക്ഷിതമായ സ്ഥാനമാണ്. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏതു വേഷത്തിലേക്കും ആദ്യം പരിഗണിക്കുന്നത് എന്നെയാണ്. ഒരു വര്‍ഷം ഞാന്‍ അര ഡസനില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുന്നു. അതില്‍ പകുതി വിജയിച്ചാല്‍ പോലും ഞാന്‍ സുരക്ഷിതനാകുന്നു. കഴിഞ്ഞ വര്‍ഷം എന്‍റെ ഏഴു ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസ് ചെയ്തു. അതില്‍ നാലെണ്ണം ഹിറ്റാണ്. മലയാളത്തിലെ സിനിമകളുടെ ഇടവേളകളില്‍ തമിഴില്‍ അഭിനയിക്കാനും ഞാന്‍ സമയം കണ്ടെത്തുന്നു” - ജയറാം പറയുന്നു.

ഇതുവരെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കാത്തതിലുള്ള നിരാശ ജയറാം മറച്ചു വയ്ക്കുന്നില്ല. “ഞാന്‍ മലയാളത്തില്‍ 200 സിനിമകളിലും തമിഴില്‍ 25 സിനിമകളിലും അഭിനയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അഞ്ച് അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരവും ശാന്താറാം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ദേശീയ പുരസ്കാരം എന്നെ തേടി എത്തിയിട്ടില്ല. പക്ഷേ എന്‍റെ മകന്‍ കാളിദാസന് ആ ഭാഗ്യവും ലഭിച്ചു” - ജയറാം ആശ്വസിക്കുന്നു.