മീരാ ജാസ്മിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് സംവിധായകന്‍ കമല്‍. സ്വപ്‌നക്കൂടിന്‍റെ സെറ്റില്‍വച്ച് ഒരു ശത്രുവിനോടെന്ന പോലെ മീര തന്നോട് പെരുമാറിയെന്ന് കമല്‍ പറയുന്നു. തന്‍റെ നാലു സിനിമകളില്‍ നായികയായ മീരയ്ക്ക് പക്ഷേ, ഒരു നടി എന്ന നിലയില്‍ ഉണ്ടാകേണ്ട ക്ഷമയും സഹകരണവും ഉണ്ടായിരുന്നില്ലെന്നും കമല്‍ പറയുന്നു.
ഗ്രാമഫോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അസിസ്റ്റന്‍റുമാരോടും ടെക്‌നീഷ്യന്‍സിനോടുമൊക്കെ മീര മോശമായാണ് പെരുമാറിയിരുന്നതെന്ന് കമല്‍ പറയുന്നു. വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ഒരു താരമായി മാറിയെന്ന ധാരണയാണ് മീരയ്ക്കുണ്ടായിരുന്നത്. മീരയെ പലവട്ടം വിളിച്ച് താക്കീത് ചെയ്യേണ്ട സ്ഥിതി തനിക്കുണ്ടായെന്നും മാധ്യമത്തില്‍ എഴുതുന്ന കോളത്തില്‍ ‘മീരാ ജാസ്മിന്‍ - സ്വയമസ്തമിച്ച പകല്‍’ എന്ന തലക്കെട്ടോടെ കമല്‍ കുറിക്കുന്നു.
താക്കീത് ചെയ്യാന്‍ വിളിച്ച തന്നോട്, “എനിക്കെല്ലാവരോടും സ്‌നേഹവും സൗഹൃദവും കാണിക്കാന്‍ പറ്റില്ല, താല്‍പര്യമുളളവരോടും വേണ്ടപ്പെട്ടവരോടും മാത്രമേ സ്‌നേഹത്തില്‍ പെരുമാറാന്‍ കഴിയൂ” എന്ന് മീര പറഞ്ഞതായും കമല്‍ വ്യക്തമാക്കുന്നു.
മൂന്നുതവണ വസ്ത്രാലങ്കാരത്തിന് ദേശീയ പുരസ്കാരം നേടിയ എസ് ബി സതീഷ് സിനിമയ്ക്കായി നല്‍കിയ വസ്ത്രം ധരിക്കാന്‍ പറ്റില്ലെന്നുപറഞ്ഞ് അദ്ദേഹത്തിന്റെ മുന്നില്‍വച്ച് വലിച്ചുകീറിക്കളഞ്ഞ സംഭവമുണ്ടായി. അത് സതീഷിന് വലിയ വേദനയുണ്ടാക്കിയ അനുഭവമായിരുന്നു.
“ഇതുവരെ ഒരുനടിയും എന്‍റെ സെറ്റില്‍ ഇതുപോലെ പെരുമാറിയിട്ടില്ലെന്നും, നിങ്ങളുടെ അറിവില്ലായ്മയും പക്വതക്കുറവുമാണ് ഈ പെരുമാറ്റത്തിന് കാരണമെന്നും” അന്ന് കമല്‍ മീരയെ ശകാരിച്ചിരുന്നു. അതിനുശേഷം മീര ക്ഷമപറയുകയും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ‘സ്വപ്നക്കൂട്’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍, തന്നോട് ഒരു ശത്രുവിനോടെന്ന പോലെ മീര പെരുമാറിയെന്നും അതിന്‍റെ കാരണമെന്തെന്ന് ഇന്നും തനിക്കറിയില്ലെന്നും കമല്‍ പറയുന്നു.
‘മിന്നാമിന്നിക്കൂട്ടം’ തന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മീരയും സഹോദരനുമായുളള അഭിപ്രായഭിന്നതകള്‍ മൂലം ഷൂട്ടിംഗ് വരെ നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയുണ്ടായി. ആ ചിത്രം സിംഗപ്പൂരില്‍ വച്ച് മീരയുടെ അവസാന ഷോട്ടെടുക്കുമ്പോള്‍ - ‘ഇത് നമ്മുടെ അവസാന ഷോട്ടാണ്. ഇനി നിങ്ങളെ വച്ച് ഒരു സിനിമ എനിക്ക് ആലോചിക്കാന്‍ കഴിയുമോ എന്ന് അറിയില്ല’ എന്ന് പറയേണ്ടിവന്നുവെന്നും കമല്‍ കുറിപ്പില്‍ പറയുന്നു.
ഗ്രാമഫോണ്‍, സ്വപ്നക്കൂട്, പെരുമഴക്കാലം, മിന്നാമിന്നിക്കൂട്ടം എന്നിവയാണ് മീരാ ജാസ്മിന്‍ നായികയായ കമല്‍ച്ചിത്രങ്ങള്‍.