ദിലീപ് ഒരു തിരിച്ചറിവിന്‍റെ പാതയിലാണ്. നല്ല കഥകളും തിരക്കഥകളും മാത്രമുള്ള സിനിമകള്‍ക്ക് മാത്രം തന്‍റെ സമയം പകുത്തുനല്‍കിയാല്‍ മതിയെന്നാണ് ജനപ്രിയനായകന്‍റെ തീരുമാനം. സൌഹൃദങ്ങളുടെയും ബന്ധങ്ങളുടെയും പേരില്‍ രൂപം കൊള്ളുന്ന പ്രൊജക്ടുകളില്‍ പലതും പരാജയമാകുമ്പോള്‍ ഇനി അങ്ങനെയുള്ള സിനിമകളുടെ ഭാഗമാകില്ല എന്ന തീരുമാനം ഒരു വലിയ തിരിച്ചറിവല്ലാതെ എന്താണ്?
കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ദിലീപ് ചിത്രം ‘ലൈഫ് ഓഫ് ജോസൂട്ടി’ രസകരമായ ഒരു സിനിമയാണ്. എന്നാല്‍ പ്രേക്ഷകര്‍ അമിതപ്രതീക്ഷകളോടെ തിയേറ്ററിലെത്തുകയും ആ പ്രതീക്ഷകളെയെല്ലാം തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് കഴിയാതെ പോകുകയും ചെയ്തു. മെമ്മറീസ്, ദൃശ്യം എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ എന്നതാണ് പ്രേക്ഷകരെ അമിതപ്രതീക്ഷകളിലേക്ക് നയിച്ചത്. മുന്‍ധാരണകളൊന്നുമില്ലാതെ തിയേറ്ററുകളെത്തുന്ന കാഴ്ചക്കാരെ സംതൃപ്തരാക്കുന്നുണ്ട് ജോസൂട്ടി.
“ജോസൂട്ടിയിലെ അച്ഛന്‍റെ മരണം എന്നെ കണ്ണുനനയിച്ച രംഗമാണ്. ആരും ആര്‍ക്കും പകരമാകില്ല എന്ന തിരിച്ചറിവ് വലുതാണ്. ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ പലര്‍ക്കും പറ്റാറില്ല. മറ്റുള്ളവരുടെ സ്ഥാനത്ത് നിന്ന് അയാള്‍ അനുഭവിക്കുന്ന വേദന തിരിച്ചറിയാന്‍ ശ്രമിക്കണം” - ലൈഫ് ഓഫ് ജോസൂട്ടിയെക്കുറിച്ച് മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് പറയുന്നു.
“ജോസൂട്ടി തീര്‍ത്തും സാധാരണക്കാരനാണ്. ജീവിതത്തില്‍ കയറ്റിറക്കങ്ങളുള്ള തീര്‍ത്തും പച്ചയായ മനുഷ്യന്. വായില്‍ വെള്ളക്കരണ്ടിയുമായിട്ടല്ല ജോസൂട്ടി ജനിക്കുന്നത്. ഞാനും ജോസൂട്ടിയെപ്പോലെ സാധാരണക്കാരനായിരുന്നു. അതാണ് ജോസൂട്ടിയുടെ കഥ ചെയ്യാന്‍ പ്രേരിപ്പിച്ചതും. ജോസൂട്ടിയെപ്പോലെ എന്‍റെ ജീവിതത്തിലും ഉണ്ടായി ഒരുപാടു ട്വിസ്റ്റുകള്‍. ജീവിതത്തിന്‍റെ ഓരോ ജംഗ്‌ഷനുകളിലും നമ്മള്‍ അറിയാതെ എത്തിചേരുകയായിരുന്നു. അങ്ങനെയൊന്നും സംഭവിക്കുമെന്ന് വിചാരിച്ചുകൊണ്ടല്ല ജീവിക്കുന്നത്. എല്ലാം നല്ലതിനെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍” - ദിലീപ് പറയുന്നു.
എന്ന് നിന്‍റെ മൊയ്തീന്‍ എന്ന മെഗാഹിറ്റ് സിനിമയുടെ ഇംപാക്ടിനിടയിലും സ്വന്തം പ്രേക്ഷകരെ കണ്ടെത്തി വിജയത്തിലേക്ക് നീങ്ങുകയാണ് ലൈഫ് ഓഫ് ജോസൂട്ടി.